കരിമ്പും E20യും തമ്മിലെന്ത്? പഞ്ചസാരയുടെ വില കുത്തനെ ഉയരുന്നു! കാരണം പറഞ്ഞ് കാര്‍ഷിക സാമ്പത്തിക വിദഗ്ധൻ

'ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ല'

ന്യൂഡല്‍ഹി: ഓണക്കാലത്ത് പഞ്ചസാര അടക്കം സാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പഞ്ചസാര കിലോയ്ക്ക് 75 രൂപവരെയെത്തി. ഓഗസ്റ്റ് ഏഴിന് ശേഷം പഞ്ചസാരയുടെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരം വില വര്‍ധനവുണ്ടായി. പഞ്ചസാരയുടെ വില വര്‍ധനവിനുള്ള കാരണം പറയുകയാണ് കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ അശോക് ഗുലാത്തി. പഞ്ചസാരയുടെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിനുള്ള പ്രധാന കാരണമായി അശോക് ഗുലാത്തി ചൂണ്ടിക്കാട്ടുന്നത്. പഞ്ചസാരയുടെ കരുതല്‍ ശേഖരം കുറഞ്ഞതും തിരിച്ചടിയായി. പെട്രോളില്‍ ചേര്‍ക്കുന്നതിനുള്ള എഥനോള്‍ നിര്‍മ്മാണത്തിനായി കരിമ്പിന്റെ ഉപയോഗം വര്‍ധിക്കുക കൂടി ചെയ്തതോടെ അത് പഞ്ചസാര വില കുത്തനെ ഉയരാന്‍ കാരണമായതായും അശോക് ഗുലാത്തി പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അശോക് ഗുലാത്തിയുടെ പ്രതികരണം.

'പഞ്ചസാരയുടെ ഉത്പാദനം കുറഞ്ഞു. കരുതല്‍ ശേഖരം കുറഞ്ഞത് സ്ഥിതി കൂടുതല്‍ വഷളാക്കി. എട്ട് മില്ല്യണ്‍ ടണ്ണില്‍ നിന്ന് അഞ്ച് മില്ല്യണ്‍ ടണ്ണായി കരുതല്‍ ശേഖരം കുറഞ്ഞു. ഇത് വിതരണ ശൃഖംലയെ സാരമായി ബാധിച്ചു. എഥനോള്‍ നിര്‍മ്മാണത്തിനായി കരിമ്പിന്റെ ഉപയോഗം വര്‍ധിച്ചതും പഞ്ചസാര ഉത്പാദത്തിന് തിരിച്ചടിയായി', ഗുലാത്തി പറഞ്ഞു. പഞ്ചസാരയുടെ ക്ഷാമം സര്‍ക്കാര്‍ നേരത്തേ തന്നെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും ഗുലാത്തി കുറ്റപ്പെടുത്തി. പഞ്ചസാരയുടെ സ്റ്റോക്ക് കഴിയും മുന്‍പ് സര്‍ക്കാര്‍ ഇടപെടണമായിരുന്നു. നാലോ അഞ്ചോ മാസം മുന്‍പ് തന്നെ നടപടി ഉണ്ടാകണമായിരുന്നുവെന്നും ഗുലാത്തി ചൂണ്ടിക്കാണിച്ചു.

ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ല. പഞ്ചസാരയുടെ സ്റ്റോക്ക് കഴിയുന്നതിന്റെ ലക്ഷണം മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രകടമായിരുന്നു. 'സ്റ്റോക്ക് കഴിയുന്നതിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഏഴോ എട്ടോ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാരിന് ഇതേപ്പറ്റി അറിയാമായിരുന്നു. മുന്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ വിലക്കയറ്റം തടയാന്‍ കഴിയുമായിരുന്നുവെന്നും ഗുലാത്തി കൂട്ടിച്ചേര്‍ത്തു.

2025-26 സീസണില്‍ 343.5 ലക്ഷം ടണ്‍ പഞ്ചസാരയുടെ ഉത്പാദനമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഇത് 309 ലക്ഷം ടണ്ണിലേക്ക് താഴുകയായിരുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെയ്ത കനത്തമഴ കരിമ്പ് കൃഷിയെ സാരമായി ബാധിച്ചതും പഞ്ചസാര ഉത്പാദനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇത് വിപണിയില്‍ ലഭ്യമാകേണ്ട പഞ്ചസാരയുടെ അളവില്‍ കുത്തനെ ഇടിവുണ്ടാക്കി. ഏകദേശം 279 ലക്ഷം ടണ്ണിന്റെ ഇടിവുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights-Agricultural economist Ashok Gulati attributed the sharp rise in sugar prices to lower production, declining opening stocks and the diversion of sugarcane towards ethanol

To advertise here,contact us