ചെന്നൈ: തമിഴ്നാട്ടില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സി ജോസഫ് വിജയ് സര്‍ക്കാര്‍. വര്‍ഷത്തില്‍ മൂന്ന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നതാണ് ഒരു പ്രഖ്യാപനം. 'അന്നപൂര്‍ണി സൂപ്പര്‍ 6' പദ്ധതിയുടെ ഭാഗമാണിത്. ഏകദേശം നാലായിരം കോടി രൂപ വാര്‍ഷിക ബജറ്റ് ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാനത്തെ 1.30 കോടിയിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാര്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചതാണ് മറ്റൊരു പ്രഖ്യാപനം. യാത്രാ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 'വെട്രി പയണം' എന്നാണ് പദ്ധതിയുടെ പേര്. യാത്രാ പദ്ധതി വിപുലീകരിച്ചതോടെ മെട്രോപൊളിറ്റന്‍-നഗര കേന്ദ്രങ്ങളില്‍ സര്‍വീസ് നടത്തുന്ന എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ്, ഡീലക്സ് സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ഓര്‍ഡിനറി ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിന് പ്രതിവര്‍ഷം ആറായിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടാം തീയതി പദ്ധതികള്‍ നടപ്പിലാകും.
അതേസമയം പരന്തൂര്‍ എയര്‍പോര്‍ട്ട് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. കര്‍ഷകരുടെയടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ചെന്നൈയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള പരന്തൂരില്‍ ഡിഎംകെ സര്‍ക്കാരായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് എതിര്‍പ്പില്ലാത്ത ഒരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കുമെന്നും വിജയ് വ്യക്തമാക്കി. വിദഗ്ധ സംഘങ്ങള്‍ വിമാനത്താവളത്തിനായുള്ള സാധ്യതകള്‍ വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും സ്ഥലം തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി വേണ്ടെന്നുവെയ്ക്കുന്നതോടെ വലിയൊരു വിഭാഗം ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കും. പ്രദേശത്തെ കൃഷിഭൂമി സംരക്ഷിക്കാന്‍ കഴിയുമെന്നും വിജയ് പറഞ്ഞു. വിമാനത്താവളത്തിനായി ജനസാന്ദ്രതയുള്ള പ്രദേശം തെരഞ്ഞെടുത്ത ഡിഎംകെ സർക്കാരിനെ വിജയ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Content Highlights- Vijay’s government has announced a scheme providing three free LPG gas cylinders annually and stated that the Parandur airport project will be abandoned