നൂറുകണക്കിന് വോട്ട് നീക്കം ചെയ്യാന്‍ ഒറ്റ പരാതി; ഉത്തരാഖണ്ഡ് SIRല്‍ വോട്ട് വെട്ടിമാറ്റുന്നുവെന്ന് കോണ്‍ഗ്രസ്

മുന്‍ എംഎല്‍എ മനോജ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ബിവിആര്‍സി പുരുഷോത്തമനെ അടുത്തിടെ കണ്ടിരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യുന്നതിനായി 'ഫോം-7' ഉപയോഗിച്ച് വന്‍തോതില്‍ ഒബ്ജക്ഷനുകള്‍ സമര്‍പ്പിക്കപ്പെടുന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

നൂറുകണക്കിന് പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ നിന്നെന്ന് പറയപ്പെടുന്ന ഒരാള്‍ മാത്രം നല്‍കിയ പരാതിയുടെ കണക്കാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ ബിഷ്ട് ആരോപിച്ചു. മുന്‍ എംഎല്‍എ മനോജ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ബിവിആര്‍സി പുരുഷോത്തമനെ അടുത്തിടെ കണ്ടിരുന്നു.

ഇതിനിടെ, ഒരു വോട്ടറുടെ പേരിനെതിരെ ആക്ഷേപം ഉന്നയിക്കപ്പെടുന്നു എന്നതുകൊണ്ട് അവര്‍ കോണ്‍ഗ്രസ് വോട്ടര്‍മാരാണെന്ന് അര്‍ത്ഥമില്ലെന്നാണ് ബിജെപി എംഎല്‍എയും വക്താവുമായ വിനോദ് ചമോലി പറഞ്ഞത്. ബിജെപിയുമായി ബന്ധപ്പെട്ട പേരുകള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും പേരുകള്‍ക്കെതിരെ പോലും അത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

എന്നാല്‍, ഉത്തരാഖണ്ഡിലെ അഞ്ച് വ്യത്യസ്ത മണ്ഡലങ്ങളില്‍ ബിജെപിയുമായി ബന്ധമുള്ള അഞ്ച് പേര്‍ ചേര്‍ന്ന്, പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരെ 6,500-ഓളം പരാതികള്‍ സമര്‍പ്പിച്ചതായി 'ന്യൂസ്ലോണ്‍ട്രി'യുടെ സമീപകാല അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. നങ്ക്മത്ത എന്ന മണ്ഡലത്തില്‍, 'ഫോം-7' പ്രകാരമുള്ള 391 അപേക്ഷകളില്‍ 353 എണ്ണവും (ഏകദേശം 90 ശതമാനം) ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കിഷോര്‍ ജോഷിയില്‍ നിന്നാണ് വന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

Content Highlights: Congress has alleged widespread attempts to remove voters from electoral rolls during the SIR exercise in Uttarakhand. The party claims that Form 7 is being used to file large numbers of objections, particularly in constituencies where Congress has significant influence, and has raised the issue with the Chief Electoral Officer.

To advertise here,contact us