ബിഹാറിൽ വിദ്യാർത്ഥി സമരത്തിനിടെ ഉണ്ടായ വിവാദ വെടിവെയ്പ്പ്; പൊലീസിന് പുതിയ നിർദേശം

അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം ആയുധങ്ങള്‍ വിനിയോഗിക്കാവൂ എന്നും നിര്‍ദേശം നല്‍കി

പാറ്റ്‌ന: എകെ 47 ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിഹാര്‍ പൊലീസ്. ജൂലൈയില്‍ ബിഹാറിലെ സിവാനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ എകെ-47 ഉപയോഗിച്ചതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തീരുമാനമായി.

എകെ 47, ഐഎന്‍എസ്എഎസ് റൈഫിള്‍, സെല്‍ഫ് ലോഡിങ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇനി പ്രതിഷേധങ്ങള്‍ക്കിടെ സാധാരണയായി ഉപയോഗിക്കരുതെന്ന് പൊലീസ് അഡൈ്വസറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം ആയുധങ്ങള്‍ വിനിയോഗിക്കാവൂ എന്നും നിര്‍ദേശം നല്‍കി.

ജൂലൈയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ എകെ47 ഉപയോഗിച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് വിവാദമുയര്‍ന്നത്.വലിയ ആയുധങ്ങള്‍ അവസാന മാര്‍ഗമായി മാത്രമേ ഉപയോഗിക്കാവൂ എന്നും, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ആദ്യം സ്വീകരിക്കണമെന്നും ബിഹാര്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

വിദ്യാർത്ഥി സമരത്തിൽ എകെ 47 ഉപയോഗിച്ചതിന് പിന്നിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പാട്‌നയില്‍ പ്രതിഷേധ മാര്‍ച്ച് നയിക്കുകയും പിന്നീട് പൊലീസ് അദ്ദേഹത്തെ തടങ്കലില്‍ എടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദം ശക്തമായതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ സിവാന്‍ എസ് പി പുരണ്‍ കുമാര്‍ ഝായെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ വളഞ്ഞതിനെ തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നാല് റൗണ്ട് വെടിവയ്പ്പ് നടത്തിയെങ്കിലും ആര്‍ക്കും പരിക്കില്ല. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ പൊലീസ് നിയന്ത്രിതമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും അമിത ബലപ്രയോഗം നടന്നിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയാണ് സംഭവം ഉണ്ടായത്. പിന്നീട് മന്ത്രി രാജിവെക്കുകയും സമരം അവസാനിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Bihar Police issues new guidelines restricting the use of AK-47 and other assault rifles during protests, following backlash over their use in the Siwan student agitation

To advertise here,contact us