ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ് സംരഭകൻ ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. രാവിലെ 10.15 ഓടെ തന്റെ ഓഫീസ് ഏറെക്കുറെ കാലിയായ ചിത്രം പങ്കുവെച്ചാണ് സ്റ്റാർട്ടപ്പ് സംരഭകനായ പനീര്‍ശെല്‍വം ബെംഗളൂരുവിലെ യാത്രാദുരിതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്.
'നമ്മള് ഓഫീസില്‍ എത്തുന്നില്ലെങ്കില്‍ എങ്ങനെയാണ് മികച്ച ജോലി പ്രതീക്ഷിക്കുന്നത്?' എന്നായിരുന്നു അദ്ദേഹം ലിങ്ക്ഡിനിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം പനീർശെൽവം ചോദിച്ചത്. ജീവനക്കാരുടെ മനോഭാവമല്ല പ്രശ്നമെന്നും, ഓഫീസിലെത്താന്‍ വേണ്ടിവരുന്ന ദീര്‍ഘവും ക്ഷീണിപ്പിക്കുന്നതുമായ യാത്രയുമാണ് എങ്ങനെയാണ് മികച്ച ജോലി പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് കാരണമെന്നും അദ്ദേഹം പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
'ബെംഗളൂരു എച്ച്എസ്ആര്‍ മേഖലയിലെ ഏകദേശം നാല് കിലോമീറ്റര്‍ ദൂരം സ്കൂട്ടറില്‍ സഞ്ചരിക്കാന്‍ 20 മിനിറ്റും കാറില്‍ ഏകദേശം 30 മിനിറ്റും വേണ്ടിവരും. തിരക്കുള്ള സമയങ്ങളില്‍ ഇത് 10 മിനിറ്റ് വീണ്ടും വർദ്ധിക്കും. ട്രാഫിക്കിനിടയിലെ നിരന്തരമായ സമ്മര്‍ദ്ദവും സിഗ്നല്‍ ലംഘിച്ച് മുന്നേറുന്ന ഇരുചക്രവാഹനങ്ങളുമെല്ലാം ജീവനക്കാരെ ഓഫീസിലെത്തുമ്പോഴേക്കും ക്ഷീണിതരാക്കുന്നുവെന്നും പനീര്‍ശെല്‍വം ചൂണ്ടിക്കാട്ടി.
'വൈകിട്ട് ആറിന് ശേഷം ഓഫീസില്‍ നിന്ന് ഇറങ്ങിയാല്‍ വീട്ടിലെത്താന്‍ സാധാരണ സമയത്തിന്റെ ഇരട്ടിയോളം വേണ്ടിവരും. പലരും വീട്ടിലെത്തുമ്പോഴേക്കും വ്യക്തിജീവിതത്തിനായി സമയം ചെലവഴിക്കാന്‍ കഴിയാത്തവിധം ക്ഷീണിതരാകുന്നു. അടുത്ത ദിവസം ജീവനക്കാര്‍ വൈകിയെത്തുന്നതിലും തലേദിവസത്തെ ട്രാഫിക്ക് തിരക്കിൻ്റെ പ്രതിഫലനം ഉണ്ടാകുന്നു'വെന്നും പനീർശെൽവം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതോടൊപ്പം സ്വന്തം യാത്രാനുഭവവും പനീര്‍ശെല്‍വം കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്. വൈറ്റ്ഫീല്‍ഡില്‍ നിന്ന് എച്ച്എസ്ആര്ലേക്കുള്ള 17 കിലോമീറ്റര്‍ യാത്ര ചെയ്യാൻ വൈകിട്ട് നാലുമണിക്ക് തന്നെ രണ്ട് മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് പനീർശെൽവം പറയുന്നത്. തിരക്കേറിയ സമയമല്ലാതിരുന്നിട്ടും മഴയോ മറ്റ് പ്രത്യേക തടസ്സങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ഇത്രയും സമയം വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ആളുകളുടെ പ്രവർത്തനക്ഷമത മാത്രമല്ല, കാര്യങ്ങള്‍ ആഴത്തില്‍ ചിന്തിക്കാനും കാര്യക്ഷമമായി ജോലി ചെയ്യാനുമുള്ള കഴിവിനെയും ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഡുകളില്‍ കാറുകളുടെ എണ്ണം കുറയ്ക്കുക, പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, കൂടുതല്‍ സൈക്കിള്‍ പാതകള്‍ ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പനീര്‍ശെല്‍വം ഇതിനോടൊപ്പം മുന്നോട്ടുവച്ചു. ജനസാന്ദ്രത കൂടുതലുള്ള മറ്റ് നഗരങ്ങള്‍ സമാനമായ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും അതിനാല്‍ ബെംഗളൂരുവിനും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
പനീർശെൽവത്തിൻ്റെ കുറിപ്പിന് കമൻ്റുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ പലരും ബെംഗളൂരുവിലെ യാത്രാദുരിതം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നത് .ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വെറും യാത്രാപ്രശ്നമല്ലെന്നും അത് ജീവനക്കാരുടെ ജോലി, ജീവിത സന്തുലിതാവസ്ഥ, പ്രവർത്തനക്ഷമത, മാനസിക ഊര്‍ജം എന്നിവയെ വരെ ബാധിക്കുന്ന വിഷയമാണെന്നുമുള്ള ചര്‍ച്ചയ്ക്കാണ് പനീര്‍ശെല്‍വത്തിന്റെ കുറിപ്പ് വഴിവെച്ചിരിക്കുന്നത്.
Content Highlight : Office empty at 10 AM due to traffic jam; startup founder's post sparks discussion