ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സെന്‍സസില്‍ വിവരശേഖരണത്തിനായി ജാതിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള രീതിക്ക് പിന്നില്‍ വലിയ രീതിയിലുള്ള ദുരൂഹ ലക്ഷ്യങ്ങളുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചു. സെന്‍സസില്‍ വിവരശേഖരണത്തിനായി നല്കുന്ന ചോദ്യാവലിയില്‍ മുന്പെങ്ങുമില്ലാത്തവിധം മതം, ജനനത്തീയതി, മാതാപിതാക്കളുടെ ജനനസ്ഥലം എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് പ്രതികരിച്ചു. മാതാപിതാക്കളുടെ മതം, ജനനസ്ഥലം, ജനന തീയതി, ഗ്രാമം തുടങ്ങിയവ വ്യക്തമാക്കണമെന്നുള്ള നിര്‍ദ്ദേശം മുന്‍കാല സെന്സസുകളില് ഉണ്ടായിരുന്നില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചോദ്യാവലിയുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കപ്പെട്ട ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു ജയറാം രമേശിൻ്റെ എക്സിലെ പ്രതികരണം.
പട്ടികജാതി പട്ടികവിഭാഗക്കാർക്ക് ജാതി രേഖപ്പെടുത്തുന്നതിനായി പ്രത്യേകം ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ മുൻകൂട്ടി നിശ്ചയിച്ച കോളമുണ്ടെങ്കിലും മറ്റു ജാതി വിഭാഗങ്ങളിൽപ്പെട്ടവർ അവരുടെ ജാതി പ്രത്യേകം മാനുവലി എഴുതേണ്ടത് പോലെയാണ് സെൻസസ് ചോദ്യാവലിയിലെ ക്രമീകരണം എന്നാണ് ജയറാം രമേഷ് ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനുപുറമെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതില് ജാതി വെളിപ്പെടുത്താതിരിക്കാനും 'ജാതിയില്ല' എന്ന് രേഖപ്പെടുത്താനും ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2027-ലെ സെന്‍സസില്‍ ജാതി തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ഡ്രോപ്പ്-ഡൗണ്‍ മെനു നല്‍കാത്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ജയറാം രമേശിൻ്റെ പ്രതികരണം. ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നിലപാട് മാറ്റുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൃത്യമായ വര്‍ഗ്ഗീകരണ സംവിധാനം ഇല്ലാത്തതിനാല്‍ സെന്‍സസ് വിവരങ്ങളുടെ കൃത്യതയെയും വിശ്വാസ്യതയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും സുതാര്യമായ രീതിയില്‍ ജാതി വിവരങ്ങള്‍ വര്‍ഗ്ഗീകരിക്കാനും രേഖപ്പെടുത്താനുമുള്ള സംവിധാനം വേണമെന്നതുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കോവിഡ്-19 വാക്സിനേഷന്, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിരവിലാസം, പങ്കാളിയുടെ വിവരങ്ങള്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, മാതാപിതാക്കളുടെ മതം, ജനനസ്ഥലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് 2027ലെ ചോദ്യാവലിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'അനധികൃത കുടിയേറ്റക്കാരെ' ഒഴിവാക്കാനെന്ന പേരില്‍ വോട്ടര്‍ പട്ടികയില്‍ വരുത്തിയ 'സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' (എസ്ഐആര്‍) നടപടികളില്‍ ഭരണകൂടം സ്വീകരിച്ച വര്‍ഗീയവും വിവേചനപരവുമായ നിലപാടുകളുടെ പശ്ചാത്തലത്തില്‍ പുതിയ ചോദ്യാവലിയിലെ ഈ വിവരശേഖരണ രീതി ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ന്യൂനപക്ഷ മതവിഭാഗങ്ങളെയും കുടിയേറ്റക്കാരെയും പ്രത്യേകം അടയാളപ്പെടുത്താനോ വേര്‍തിരിച്ചറിയാനോ ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്നതാണ് പ്രധാന ആശങ്ക.
Content Highlights: Congress Intensifies Protest Against Centre Over Caste Data Collection in 2027 Census