ഗ്രൂപ്പ്1 പരീക്ഷയില്‍ മൂല്യനിർണ്ണയം നടത്തിയത് ഇലക്ട്രീഷ്യന്‍മാരും പ്ലംമ്പർമാരും; ചന്ദ്രബാബു നായിഡു

ഇന്ത്യയില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ആരോപണം

ആന്ധ്രാപ്രദേശ്: വൈഎസ്ആര്‍ രാജശേഖര റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ഗുരുതര പരീക്ഷ ക്രമക്കേടുകള്‍ നടന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ഇന്ത്യയില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ആരോപണം. ആന്ധ്രാപ്രദേശിലെ സുപ്രധാന ഗ്രൂപ്പ്1 പരീക്ഷയില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. ഫോറന്‍സിക്, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ ജോലികള്‍ രേഖപ്പെടുത്തിയിരുന്നവരും ഗ്രൂപ്പ്1 പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ബുധനാഴ്ച നിയമസഭയില്‍ സംസാരിക്കവെ, നായിഡു പറഞ്ഞു. ഗ്രൂപ്പ്1 പോലുള്ള ഉന്നതതല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കാന്‍ ഇത്തരക്കാരെ എങ്ങനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം ചോദിച്ചു.

ചില ഉത്തരക്കടലാസുകളില്‍ ഒരേ സ്‌ക്രിപ്റ്റില്‍ തന്നെ വ്യത്യസ്ത കൈയക്ഷരങ്ങള്‍ കണ്ടെത്തിയതായും നായിഡു ചൂണ്ടിക്കാട്ടി. ഉദ്യോഗാര്‍ഥികള്‍ക്ക് പകരം മറ്റാരെങ്കിലും ഉത്തരങ്ങള്‍ എഴുതിയിരിക്കാമെന്ന സംശയമാണ് ഇത് ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായും നായിഡു അവകാശപ്പെട്ടു. 734 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍, ഓവര്‍റൈറ്റിങ്, കൂട്ടിച്ചേര്‍ക്കലുകള്‍, നീക്കം ചെയ്യലുകള്‍ എന്നിവ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 718 പേരുടെ ഉത്തരക്കടലാസുകളില്‍, അതായത് ഏകദേശം 97.82 ശതമാനത്തിലും, ഇത്തരം മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടായിരുന്നുവെന്നും നായിഡു ആരോപിച്ചു.

തിരുത്തലുകള്‍ വരുത്തിയ 21 ഉത്തരക്കടലാസുകളില്‍ ഒപ്പില്ലാതിരുന്നതും നായിഡു ചൂണ്ടിക്കാട്ടി. ഉത്തരക്കടലാസിലെ തിരുത്തലുകള്‍ പരീക്ഷ മൂല്യനിര്‍ണയം ചെയ്യുന്നയാളോ ചീഫ് എക്‌സാമിനറോ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഒപ്പുകളുടെ അഭാവം നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Chandrababu Naidu Alleges Major Irregularities in Andhra Pradesh Group-1 Exam, Citing Forensic Findings

To advertise here,contact us