ചെന്നൈ: വിജയ് സര്‍ക്കാരിന് തിരിച്ചടി. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി വിലയിരുത്തി. നിയമനം ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് സി വി കാര്ത്തികേയന്, ജസ്റ്റിസ് ആര് ശക്തിവേല്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് പറഞ്ഞു.
ജോലി ഒഴിവ് നികത്തേണ്ടത് ഭരണഘടനാ അനുസൃതമായി ആയിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ മരിച്ചവരുടെ കുടുംബങ്ങളും നിയമനത്തിന് കാത്തിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഭരണപരമായ അധികാരങ്ങള്‍ ഭരണഘടനാപരമായ പരിധിക്കുള്ളില്‍ ആയിരിക്കണമെന്ന് കോടതി പറഞ്ഞു.
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആശ്രിത നിയമനം അനുവദിച്ചാല്‍ അത് മറ്റ് പലര്‍ക്കും അത്തരം തൊഴിലവസരങ്ങള്‍ നേടാനുള്ള വഴികള്‍ തുറക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. പടക്ക നിര്‍മ്മാണ ശാലകളിലെ അപകടങ്ങളും വാഹന അപകടങ്ങളും അടക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കോടതി ഇത്തരത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു. പൊതു തൊഴില്‍ സംസ്ഥാനം വെറുതെ കളയരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ മൂല്യം തിരിച്ചറിയണം. അതിന്റെ പ്രാധാന്യം സംരക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Content Highlights- The order to provide jobs to the family members of those who died in the Karur tragedy has been cancelled.