ചണ്ഡിഗഡ്: പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആം ആദ്മി പാര്‍ട്ടിക്കെതിരെ ആയുധമാക്കാന്‍ ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് പഞ്ചാബിലെന്നാണ് ബിജെപിയുടെ ആരോപണം. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന് രാജിവച്ച മാതൃക സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ എഎപി തള്ളി. മത്സരപരീക്ഷകളുടെ ഒരൊറ്റ ചോദ്യപേപ്പര്‍ പോലും ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന് മറുപടി നല്കി. തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ നെറികെട്ട രാഷ്ട്രീയ കളിയാണ് ബിജെപി നടത്തുന്നതെന്നും മന് ആരോപിച്ചു.
രാഷ്ട്രീയ വിവാദം ശക്തമാകുമ്പോഴും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് ബെയ്ന്‍സ് തല്‍സ്ഥാനത്ത് തുടരുന്നത് എന്തിനാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ചോദ്യം ചെയ്തു. എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി രാജിവയ്ക്കാന്‍ പോകുന്നതെന്നും മാളവ്യ ചോദിച്ചു. മന്ത്രിമാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമന്നാണെങ്കില് അത് സെലക്ടീവായി മാത്രം ചെയ്യാന്‍ കഴിയില്ലെന്നും മാളവ്യ പറയുന്നുണ്ട്. പഞ്ചാബ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ച വരുമ്പോള്‍ നിശബ്ദത പാലിക്കാന്‍ സാധിക്കില്ലെന്നും മാളവ്യ കൂട്ടിച്ചേര്‍ത്തു.
സിജെപി സമരത്തിനിടെ ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രിപദത്തില്‍ നിന്നും ഒഴിവാക്കി സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുകിനെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന് ആവശ്യപ്പെട്ട എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്, അദ്ദേഹത്തെ പഞ്ചാബിലെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്നും മാളവ്യ പരിഹസിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ നന്നാക്കാന്‍ സോനം വാങ്ചുക്കിന് കഴിയുമെന്ന് കെജ്രിവാള് യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ഏത് പാര്‍ട്ടിയാണ് അധികാരത്തില്‍ എന്നതല്ല ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതന്റെ മാനദണ്ഡം, അത് എല്ലാവര്ക്കും ഒരുപോലെയാണ്. അത് തത്വങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്രീയമായ നിലപാടുകള്‍ക്ക് അതീതവും ആയിരിക്കണമെന്നും മാളവ്യ ഓര്‍മിപ്പിച്ചു.
അതേസമയം ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും ഹര്‍ജോത് ബെയ്ന്സിന് എതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജിവയ്ക്കാതെ നാണമില്ലാതെ മന്ത്രിയായി തുടരുകയാണ് ബെയ്ന്‍സ് എന്നായിരുന്നു എക്സ് പോസ്റ്റിലൂടെയുള്ള പൂനെവാലെയുടെ പ്രതികരണം.
Content Highlights: The question paper leak controversy in Punjab has escalated, with the BJP using the issue to criticize the state government. The alleged examination irregularities have triggered political debate, bringing the integrity of the examination process under increased public and political scrutiny.