ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരവേദിയില്‍ നിന്നും വൈറലായ വിദ്യാര്‍ത്ഥി അഭിനവ് ബിഷ്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച ദൃശ്യങ്ങളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള കോണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ് അഭിനവ്. @issac1rl എന്നതായിരുന്നു അഭിനവിന്റെ ഇന്‍സ്റ്റഗ്രാം ഐഡി.
സിജെപി പ്രതിഷേധത്തിലെ പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചിരുന്നു. അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. സമര വേദിയില്‍ നിന്നുള്ള ജെന്‍സി പ്രതിഷേധ രീതികള്‍ അഭിനവിന്റെ പേജിലൂടെ ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിയിരുന്നു. ജെൻസി പ്രതിഷേധ രീതിയെന്ന നിലയിലായിരുന്നു റീലുകൾ വെെറലായത്.
അതിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് എഫ്ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.
Content Highlights: The Instagram account of student Abhinav Bisht, who gained viral attention during the CJP protest, has been suspended.