രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം; ഡിആര്‍ഡിഒ രേഖകള്‍ ഡാർക്ക് വെബ്ബില്‍?

സുപ്രധാന രേഖകള്‍ക്ക് 8000 ഡോളര്‍ വരെയാണ് അജ്ഞാത സംഘം ആവശ്യപ്പെട്ടത്

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) രേഖകള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചതായാണ് വിവരം. 31 ജിബി രേഖകളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

സുപ്രധാന രേഖകള്‍ക്ക് 8000 ഡോളര്‍ വരെയാണ് അജ്ഞാത സംഘം ആവശ്യപ്പെട്ടത്. ഡിആര്‍ഡിഒ രേഖകളില്‍ മിസൈല്‍ രൂപരേഖകളുമുണ്ട്. ഡിആര്‍ഡിഒ രേഖകളുടെ മാതൃക റിപ്പോര്‍ട്ടറിന് ലഭിച്ചു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിബൈ സൈബര്‍ ഫോറന്‍സിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാര്‍ക്ക് വെബ് മോണിറ്ററിങ്ങിനിടയില്‍ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകള്‍ അടക്കം വില്‍പനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.

പത്ത് ദിവസം മുമ്പാണ് രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. മിസൈല്‍ സംവിധാനങ്ങളുടെ രേഖകളും വില്‍പ്പനയ്ക്കുണ്ട്. സാമ്പിള്‍ രേഖകളില്‍ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും വിവരമുണ്ട്. അതേസമയം, രേഖകളുടെ ആധികാരികത സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അടിയന്തര ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന വേണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

Content highlights- Suspected leak of India's defence secrets raises concerns as DRDO documents are reportedly linked to the dark web, prompting investigation

To advertise here,contact us