ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു? ചര്‍ച്ചകള്‍ക്ക് വഴിവെച്ച് പ്രസംഗം

പ്രസംഗം വൈറലായതോടെ ദളപതി വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന പ്രചരണം ശക്തമായി

ചെന്നൈ: രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് വഴിവെച്ച് നടന്‍ ധനുഷിന്റെ പ്രസംഗം. ആരാധകരോട് പൊതു പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമാണ് വൈറലാവുന്നത്. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ധനുഷ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്.

'ഒരിടത്ത് നിരവധി പേര്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാധിക്കുന്ന രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അവര്‍ക്ക് വേണ്ടി എന്താണോ നിങ്ങള്‍ക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു', ധനുഷ് ആഹ്വാനം ചെയ്തു.

പ്രസംഗം വൈറലായതോടെ ദളപതി വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന പ്രചരണം ശക്തമായി. നടന്‍ വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 'വിജയ് മക്കള്‍ ഇയക്കം' എന്ന സംഘടനയിലൂടെ വര്‍ഷങ്ങളോളം ഇത്തരം സാമൂഹിക സേവനങ്ങളില്‍ സജീവമായിരുന്നു.

ഇതേവേദിയില്‍ 'റായന്‍' സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിലെ വിമര്‍ശനത്തിലും ധനുഷ് മറുപടി നല്‍കി. ''റായന് അടുത്തിടെ ദേശീയ അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം തന്നെ റായന്‍ വന്നതിനേക്കാള്‍ നല്ല സിനിമകള്‍ ധാരാളം ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പുതുപ്പേട്ടൈ, വട ചെന്നൈ, കര്‍ണന്‍, മരിയന്‍, 3, രാഞ്ജന എന്നിവ പുറത്തിറങ്ങിയപ്പോള്‍ പലരും എനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞു, പക്ഷേ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് ആരും എന്നെ പിന്തുണച്ചില്ല', എന്നായിരുന്നു ധനുഷിന്റെ വാക്കുകള്‍.

Content Highlights: Actor Dhanush's recent speech has sparked fresh speculation about a possible entry into politics, drawing widespread attention on social media.

To advertise here,contact us