'ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമല്ല': ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍

നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യങ്ങളുടെ പേരില്‍ വ്യക്തികള്‍ മാസങ്ങളോളം തടവില്‍ കഴിയേണ്ടിവരുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം ഇത്തരം കേസുകള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി

ഭോപ്പാല്‍: ഗംഗാനദിയില്‍ വച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. ഗംഗാ നദിയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്‌ലിം യുവാക്കളെ മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍ഐയു) അഞ്ചാമത് ജസ്റ്റിസ് ജി പി സിംഗ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നദിയില്‍ വെച്ച് ചിക്കന്‍ബിരിയാണി കഴിക്കുന്നത് ഒരു നിയമവും തടയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യങ്ങളുടെ പേരില്‍ വ്യക്തികള്‍ മാസങ്ങളോളം തടവില്‍ കഴിയേണ്ടിവരുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം ഇത്തരം കേസുകള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

ക്യാമ്പസുകളിലെ സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ 30 മുതല്‍ 40 ദിവസം വരെ തടങ്കലില്‍ വെച്ചതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത് അവരെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുകയും അവരുടെ വിദ്യാഭ്യാസത്തെയും തൊഴില്‍ സാധ്യതകളെയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന കോടതികളുടെ നടപടിയേയും ജസ്റ്റിസ് ഭുയാന്‍ വിമര്‍ശിച്ചു. വിചാരണ നേരിടുന്നവരെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് വിലക്കുക, രാജ്യം വിട്ടുപോകാന്‍ സാധ്യതയില്ലാതിരുന്നിട്ടും പാസ്പോര്‍ട്ട് കെട്ടിവെക്കാന്‍ നിര്‍ബന്ധിക്കുക, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍, കോടതികള്‍ തന്നെ അടിച്ചേല്‍പ്പിക്കുന്ന 'സ്വയം സെന്‍സര്‍ഷിപ്പിന്' (SELF CENSORSHIP) തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുചര്‍ച്ചകളില്‍ പങ്കുചേരുന്നത് വ്യക്തിപരമായി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാമെന്ന സന്ദേശമാണ് ഇത്തരം സാഹചര്യങ്ങള്‍ നല്‍കുന്നതെന്നും അത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ അക്കാദമിക് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട്, കേവലം അനുസരണശീലത്തിന് പകരം വിമര്‍ശനാത്മക ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ നിയമ സര്‍വകലാശാലകളോട് ജസ്റ്റിസ് ഭുയാന്‍ ആഹ്വാനം ചെയ്തു. വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ അച്ചടക്ക നടപടികളോ ക്രിമിനല്‍ കേസുകളോ നേരിടുന്നതിന് പകരം, നിലവിലുള്ള കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യാനും കോടതിവിധികളെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അധികാരികളുമായി ക്രിയാത്മകമായി സംവദിക്കാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളായി സര്‍വകലാശാലകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Justice Ujjal Bhuyan said there is no law prohibiting people from eating chicken biryani on the Ganga, while expressing concern over prolonged detention in cases involving non-criminal acts. He stressed that such instances raise important questions about the criminal justice system and the protection of individual liberties.

To advertise here,contact us