ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്

ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തും

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധിസ്മൃതിയിലെത്തി. ഇന്‍ഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിനായി എത്തിയിട്ടുണ്ട്. രാ​ഹുൽ ​ഗാന്ധി അടക്കമുള്ള എംപിമാർ ​ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. ​ഗാന്ധി സ്മൃതിയിലേയ്ക്ക് എത്തിയ വാഹനത്തിൽ നിന്നും പ്ലക്കാർഡുമായി ഇറങ്ങിയ എംപിമാരുടെ മുൻനിരയിൽ പ്രിയങ്ക ​ഗാന്ധി, മി‍ർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിത എം പിമാരാണ് അണിനിരന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധമുണ്ടായത്. എംപിമാര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.

വലിയ പൊലീസ് സന്നാഹമാണ് പ്രതിഷേധ സ്ഥലത്ത് എത്തിരിക്കുന്നത്. ബാരിക്കേടുകൾ വെച്ച് പ്രവർത്തകരെ തടയുകയാണ് പൊലീസ്. സംഘർഷ അന്തരീക്ഷമാണ് തീസ് ജനുവരി റോഡിന് സമീപം. ബസ് കുറുകെയിട്ട് പ്രതിപക്ഷത്തിൻ്റെ മാർച്ച് തടയാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. പൊലീസ് നിരത്തിയ ബാരിക്കേടുകൾ മറികടന്നാണ് പ്രതിപക്ഷ പ്രവർത്തകർ മുന്നോട്ട് പോകുന്നത്.

അതേസമയം, ജന്തർ മന്തറിൻ്റെ ഒന്നര കിലോ മീറ്റർ ചുറ്റളവിൽ ഇൻ്റർ നെറ്റ് നിരോധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് രാത്രി 12 മണി വരെ ഇൻ്റർനെറ്റ് നിരോധിക്കുമെന്നാണ് അറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയോടെയാണ് നിരോധനം ഏർപ്പെടുത്തുന്നത്.

മുഴുവൻ പ്രതിപക്ഷ എം പിമാരെയും രാഹുൽ ​ഗാന്ധി വസതിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ക്ഷണത്തിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് പ്രതിപക്ഷ എം പിമാർ എത്തിതുടങ്ങിയത്. അതിന് ശേഷമായിരുന്നു പ്രതിപക്ഷത്തിൻ്റെ ഈ അപ്രതീക്ഷിത നീക്കം.

Content Highlights: Opposition leaders staged a flash protest in Delhi, with Members of Parliament marching towards Gandhi Smriti over key political issues.

To advertise here,contact us