ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതുവരെ കോണ്‍ഗ്രസ് അവര്‍ക്കൊപ്പമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണെന്നും ഇത് നരേന്ദ്രമോദിയുടെ അവസാനത്തിന്റെ ആരംഭമായിരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി കോഫി വിത്ത് അരുണ്‍ പരിപാടിയിലായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.
'സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി പലപ്പോഴായി നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം അസഹിഷ്ണുതയോടെ സമരങ്ങളെ ഇല്ലാതാക്കാന്‍ ആയുധങ്ങളുപയോഗിച്ചുളള നടപടി ആദ്യമായാണ് ഇന്ത്യ കാണുന്നത്. ജനാധിപത്യ ഇന്ത്യ മരവിച്ചുനിന്ന നിമിഷങ്ങളായിരുന്നു അത്. പുതിയ അക്രമ മുറകളാണ് പൊലീസ് കുട്ടികള്‍ക്കുമേല്‍ പരീക്ഷിക്കുന്നത്. തീവ്രവാദികളെപ്പോലെ കുട്ടികളെ കണ്ട് ആക്രമിക്കുന്ന രീതിയായിരുന്നു കണ്ടത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് എല്ലാ ഒത്താശയും ചെയ്തിട്ട് അതിന് നേതൃത്വം കൊടുക്കുന്ന മന്ത്രിയെ പൂര്‍ണമായും സംരക്ഷിച്ചിട്ട് വീരസ്യം പറയുന്ന പ്രധാനമന്ത്രിയെ പരമപുച്ഛത്തോടെ മാത്രമേ ഇന്ത്യ കാണുകയുളളു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു വിലയും രാജ്യത്തെ ജനങ്ങള്‍ കല്‍പ്പിക്കുന്നില്ല. അല്‍പ്പമെങ്കിലും രാജ്യത്തോടും വിദ്യാര്‍ത്ഥികളോടും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ആദ്യം അംഗീകരിക്കൂ', കെ സി വേണുഗോപാല്‍ പറഞ്ഞു.
ജന്തര്‍ മന്തറിലെ പ്രതിഷേധം സമാനതകളില്ലാത്ത പ്രതിഷേധമായി മാറുകയാണെന്നും രാജ്യതലസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'ഞങ്ങള്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാന്‍ നടപടി ആവശ്യപ്പെട്ടും കുട്ടികള്‍ക്കെതിരായ കളളക്കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും മാര്‍ച്ച് ചെയ്യുമ്പോള്‍ ബിജെപി ചെയ്തതെന്താണ്? കെപിസിസി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. കര്‍ണാടകയില്‍ ബിജെപി എംഎല്‍എ ഞങ്ങളുടെ പാര്‍ട്ടി ഓഫീസിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു' കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: KC Venugopal heavily criticized the Centre over the police action on student protesters in Delhi, stating this marks the beginning of Modi's downfall.