CJP പ്രവർത്തകയുടെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ ജന്തർമന്തർ ഡ്യൂട്ടിയില്‍ നിന്നും മാറ്റി

'ഇത്തരം ക്രൂരന്മാരെ തിരിച്ചറിഞ്ഞ് പരസ്യമായി അപമാനിക്കുകയും സാമൂഹികമായി ബഹിഷ്‌കരിക്കുകയും ചെയ്തുവെന്ന് ഉറപ്പാക്കാക്കണം'

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ലാംബയെയാണ് ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും നീക്കിയത്. സ്റ്റേഷന്‍ ചുമതലയിലേക്ക് തിരിച്ചുകയറാന്‍ ലാംബയ്ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ മുഖത്തടിച്ച നടപടിയില്‍ സന്ദീപ് ലാംബയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും പൊലീസ് പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നില്ല.

ഇതേ ഉദ്യോഗസ്ഥനാണ് വിദ്യാഭ്യാസ വിദഗ്ധയും സോനം വാങ്ചുക്കിന്റെ ഭാര്യയുമായ ഗീതാഞ്ജലി വാങ്ചുക്കിനെ അടിക്കാന്‍ ട്രക്കിന് മുകളില്‍ കയറിയതെന്നും പിന്നീട് അവരുടെ മുടിപിടിച്ച് വലിച്ചിഴച്ചതെന്നും കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആരോപിച്ചിരുന്നു. പൊലീസ് സേനയില്‍ തുടരാന്‍ ഇയാള്‍ മാനസികമായി യോജിച്ചയാളല്ലെന്നും അഭിജീത് ദീപ്‌കെ പ്രതികരിച്ചിരുന്നു.

സന്ദീപ് ലാംബയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്രയും രംഗത്തെത്തി. 'തൊഴില്‍ മാത്രമല്ല അയാള്‍ ചെയ്യുന്നത്. ഇത്തരം ക്രൂരന്മാരെ തിരിച്ചറിഞ്ഞ് പരസ്യമായി അപമാനിക്കുകയും സാമൂഹികമായി ബഹിഷ്‌കരിക്കുകയും ചെയ്തുവെന്ന് ഉറപ്പാക്കുകയും നിയമ നടപടിക്ക് വിധേയരാക്കുകയും വേണം. ഇതില്‍ ആദ്യത്തെയാള്‍ സന്ദീപ് ലാംബയാണ്', എന്നായിരുന്നു പ്രതികരണം. അമിത് ഷായുടെ യൂണിഫോം ഇട്ട ഗുണ്ടകളുടെ യഥാര്‍ത്ഥ മുഖമാണ് ഇതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു.

സംഭവത്തില്‍ ഡല്‍ഹി പൊലീസോ സന്ദീപ് ലാംബയോ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രതിഷേധക്കാരെ നേരിടുന്നതിനിടെ തന്റെ കാല്‍മുട്ടിന് പരിക്കേറ്റെന്നും യൂണിഫോം കീറിയെന്നുമായിരുന്നു ചോദ്യത്തോട് ലാംബെ പ്രതികരിച്ചത്.

Content Highlights: A police officer has been removed from Jantar Mantar duty after allegedly slapping a woman protester during the Cockroach Janata Party's Parliament march.

To advertise here,contact us