'എനിക്ക് ഒരു നല്ല ഭാവി വേണം'; ചര്‍ച്ചയായി ജന്തര്‍ മന്തറിലെ സമരകേന്ദ്രത്തിലെത്തിയ പതിമൂന്നുകാരിയുടെ പ്രതികരണം

പിതാവ് സലീമിനും സുഹൃത്ത് റഹീസയ്ക്കുമൊപ്പമായിരുന്നു ഉമാസ ജന്തര്‍ മന്തറില്‍ എത്തിയത്

ന്യൂഡല്‍ഹി: പിതാവിന്റെ കയ്യും പിടിച്ച് ജന്തര്‍ മന്തറിലെ സമര കേന്ദ്രത്തിലേക്ക് കയ്യില്‍ ഒരു ദേശീയ പതാകയുമായി പതിമൂന്ന് കാരിയായ ഉമാസ എത്തിയപ്പോള്‍ ചുറ്റും കൂടി നിന്നവര്‍ ചോദിച്ചത് എന്തിനാണ് നീ ഇവിടെ വന്നത് എന്നായിരുന്നു. അതിന് മറുപടിയായി എനിക്ക് ഒരു നല്ല ഭാവി വേണമെന്ന് അവള്‍ മറുപടി നല്‍കിയത് രാജ്യത്തിന്റെ സര്‍വ മേഖലയിലേക്കും ബാധിക്കാനുള്ള കരുത്ത് ജന്തര്‍ മന്തറിലെ സമര കേന്ദ്രത്തിന് കൈവന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായി. പിതാവ് സലീമിനും സുഹൃത്ത് റഹീസയ്ക്കുമൊപ്പമായിരുന്നു ഉമാസ ജന്തര്‍ മന്തറില്‍ എത്തിയത്. താന്‍ എഴുതുന്ന പരീക്ഷകള്‍ക്ക് അനിശ്ചിതത്വം വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അസാമാന്യ ആര്‍ജവത്തില്‍ ആ പതിമൂന്ന്കാരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തരത്തില്‍ നിരവധി കുട്ടികളാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന സമര കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉമാസയുടെ ആഭിപ്രായം എല്ലാവരും പങ്കുവെക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്. നീറ്റ് ചേദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സമരത്തില്‍ പങ്കെടുത്ത മറ്റൊരു ബാലിക ആഷിഷ് പറയുന്നു. ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് സമരം ചെയ്യുന്നത് ഞങ്ങളെ എതിര്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് വേണ്ടിയും പ്രക്ഷോഭം തുടരുമെന്ന് ആഷിഷ് കൂട്ടിച്ചേര്‍ത്തു.

ചിലപ്പോള്‍ പ്രക്ഷോഭങ്ങളും ആശയങ്ങളും ആധികാരത്തിലിരിക്കുന്നവരേക്കാള്‍ വലിപ്പമുള്ളതാകാറുണ്ട്. ജന്തര്‍ മന്തറില്‍ എത്തിയിരിക്കുന്നവര്‍ക്ക് ഒരു ആശയമുണ്ട്. അത് ഈ രാജ്യത്തിന്റെ ആശയമാണ്. ഞാന്‍ വലുതാകുമ്പോള്‍ ഒരു പക്ഷെ സമാനതകളില്ലാത്ത ഈ പ്രക്ഷോഭത്തെ കുറിച്ച് എന്റെ പുസ്തകങ്ങളില്‍ പഠിച്ചേക്കാം. രാജ്യത്തിന്റെ ആശയത്തിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. മറ്റൊരു വിദ്യാര്‍ത്ഥി ഫരസിന്റെ വാക്കുകളായിരുന്നു ഇത്. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്നും ഫരസ് പറയുന്നു. എന്റെ സ്വന്തം നഗരത്തില്‍, എന്റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ കാര്യമായിരുന്നു ജന്തര്‍ മന്തറിലെ പൊലീസ് നടപടി. നിലവിലെ ഭരണകക്ഷിയോ ഭരണകൂടമോ എന്ത് നിര്‍ദ്ദേശിച്ചാലും ശരി, ആരും അത്തരമൊരു ആക്രമണം നേരിടാനുള്ള തെറ്റൊന്നും ചെയ്തിരുന്നില്ലെന്നായിരുന്നു ഡല്‍ഹി സ്വദേശി തന്നെയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പ്രതികരണം. ഇത്തരത്തില്‍ സ്‌കൂള്‍ തലം മുതലുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തിന് എത്തുന്നത്.

തിങ്കളാഴ്ച ജന്തര്‍ മന്തറില്‍ നടന്ന പൊലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ ആറ് എഫ്ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരിച്ചറിയാത്ത ആളുകളുടെ പേരിലാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ പൊലീസ് സിസിടിവി ക്യാമറ പരിശോധിക്കുന്നു എന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. 50,000 പേര്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് പോലീസ് വിലയിരുത്തല്‍. പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറില്‍ ഇന്നും സജീവമായിട്ടുണ്ട്. അതിരാവിലെ തന്നെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Content Highlights: Holding the national flag and accompanied by her father, 13-year-old Umaas arrived at the Jantar Mantar protest with a simple yet powerful message—she wants a better future. Her remarks about protecting students from uncertainty over examinations resonated widely, highlighting the growing public impact of the ongoing protest.

To advertise here,contact us