അഗർത്തല: ത്രിപുര പൊലീസിൻ്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) അനുരാഗ് ധൻകറിനെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്തെ തന്റെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തെ ഉടൻ തന്നെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഡോക്ടർമാർ ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അനുരാഗ് ധൻകർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡിജിപിയുടെ മരണത്തിലേയ്ക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ധൻകറെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുള്ളതിൻ്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. അനുരാഗ് ധൻകറിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളു എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ധൻകറിൻ്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ത്രിപുര പൊലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
Content Highlights: Tripura's Director General of Police was found dead at the state police headquarters, with preliminary reports suggesting suspected suicide. Authorities have launched an investigation into the incident.