'വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെൻ്റ് അംഗങ്ങളെ കാണുന്നത് വരെ നിരാഹാര സമരം തുടരും'; സോനം വാങ്ചുക്ക്

സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് അറിയിച്ച് സോനം വാങ്ചുക്ക്. നിരാഹാര സമരം ഇരുപത്തി മൂന്നാം ദിവസവും മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സോനം വാങ്ചുക്ക് ഇക്കാര്യം അറിയിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടിയെ അദ്ദേഹം വിമര്‍ശിക്കുകയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് അവരുടെ പരാതികള്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

'സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് കാണിക്കുന്ന ക്രൂരത കണ്ടതിനെത്തുടര്‍ന്ന് ഞാന്‍ എന്റെ നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചു, യുവനേതാക്കള്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് എംപിമാരെ കാണാനോ, അല്ലെങ്കില്‍ എനിക്ക് അവരെ ഇവിടെ ആശുപത്രിയില്‍ വെച്ച് കാണാനോ അനുമതി ലഭിക്കുന്നത് വരെ സമരം തുടരും,' സോനം വാങ്ചുക്ക് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രി നിർവ്വഹിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒപ്പം പ്രകോപനപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും സമാധാനം നിലനിര്‍ത്തിയ വിദ്യാര്‍ത്ഥികളെ വാങ്ചുക്ക് അഭിനന്ദിക്കുകയും ചെയ്തു.

'പ്രകോപനങ്ങള്‍ക്കിടയിലും യുവാക്കള്‍ സമാധാനം കാത്തുസൂക്ഷിച്ച രീതി എന്നെ വല്ലാതെ സ്പര്‍ശിച്ചിരിക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരാതികള്‍ ഇന്ന് അല്ലെങ്കില്‍ നാളെ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോടും പൊലീസിനോടും അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പാര്‍ലമെന്റ് അംഗങ്ങളെ കാണാന്‍ അനുമതി ലഭിക്കുന്നത് വരെയോ അല്ലെങ്കില്‍ താന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയിലെ ആശുപത്രിയില്‍ എംപിമാര്‍ തന്നെ സന്ദര്‍ശിക്കുന്നത് വരെയോ തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് സോനം വാങ്ചുക്ക് നേരത്തെ പറഞ്ഞിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

അതേസമയം ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിജെപിയുടെ സമരപ്പന്തല്‍ കേന്ദ്രസേന പൊളിച്ചു നീക്കുകയും പാര്‍ലമെന്റിന് സമീപത്തെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിക്കുകയും ചെയ്തു.

Content Highlights: Sonam Wangchuk Vows to Continue Hunger Strike Demanding Dharmendra Pradhan's Resignation

To advertise here,contact us