ഗുജറാത്തില്‍ അനധികൃതമായി പ്രവർത്തിക്കുന്ന പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അപകട സമയം 18 പേര്‍ ജോലി ചെയ്തിരുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ വസ്ത്രാലിലാണ് അപകടമുണ്ടായത്.അനധികൃത പടക്ക നിര്‍മ്മാണമെന്നാണ് സൂചന.

അപകട സമയം 18 പേര്‍ ജോലി ചെയ്തിരുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മണിനഗറിലെ സിവില്‍ ആശുപത്രിയിലും എല്‍ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.30 നാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

'ഗുജറാത്തിലെ അഹമ്മദാബാദിലെ പടക്ക ഫാക്ടറിയിലുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്തയില്‍ അതിയായ ദുഃഖമുണ്ട്. ഞാൻ ഈ നിമിഷം ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎൻആർഎഫ് ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും,' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു.

Content Highlights: eight people died in blast at illegal firecracker factory in Gujarat's Ahmedabad

To advertise here,contact us