കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിന് പതിനായിരം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. നിയമപരമായ രീതികൾ പിന്തുടരാതെയുള്ള ഇത്തരം പ്രവർത്തികൾ സ്ത്രീയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോടാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കേ, നിവേദിത മെഹ്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.
ഒരു പൗരന്റെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുന്നത്, പ്രത്യേകിച്ച് ഒരു യുവതിയുടെ ബെഡ്റൂമിലേക്ക് നിയമപരമായ രീതികളൊന്നും കൈക്കൊള്ളാതെ കയറുന്നതും ബലമായി മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതും സ്വകാര്യതയ്ക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് യുവതിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി തറപ്പിച്ച് പറഞ്ഞു. പരാതിക്കാരിയുടെ മൗലികമായ അവകാശങ്ങൾ ലംഘിക്കുന്നതും നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതുമാണ് പൊലീസിന്റെ നടപടിയെന്നും കോടതി ആവർത്തിച്ചു. സംഭവത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും സർക്കാരിന് പണം ഈടാക്കാമെന്നും രണ്ട് മാസത്തിനുള്ളിൽ പരാതിക്കാരിക്ക് പണം നൽകിയിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒരു കാർ അപകടവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് യുവതി പറയുന്നത്.
നാഗ്പൂരിലെ സാവോനീർ സ്വദേശിനിയാണ് പരാതിക്കാരി. മുൻകൂട്ടി നോട്ടീസ് നൽകാതെ, നിരന്തരം വീട്ടിലെത്തി പൊലീസ് തന്നെയും ഭർത്താവിനെയും ബുദ്ധിമുട്ടിച്ചു. നിയമങ്ങൾ പാലിക്കാതെ ഫോൺ പിടിച്ചെടുത്ത് രണ്ട് ദിവസം അവരുടെ പക്കൽ സൂക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു. കേസിൽ താനോ ഭർത്താവോ പ്രതിയല്ലെന്നും ഇവർ പറയുന്നുണ്ട്.
അതേസമയം നഷ്ടപരിഹാരമായി പണം നൽകുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റത്തിൽ മതിയായ പരിഹാരമല്ല. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനത്തിൽ അത് ഒരു പരിധിവരെ ആശ്വാസം നൽകുമെന്നാണ് കരുതുന്നത്. ഇത്തരം ശിക്ഷാവിധികൾ അന്വേഷണ സംഘങ്ങൾക്ക് നിയമപരമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന ഒരു ഓർമപ്പെടുത്തലാണെന്നും കോടതി പറഞ്ഞു.
Content Highlights: A court has fined the police Rs 10,000 over an incident involving unlawful entry into a young woman's bedroom. The order was issued after the court found the police action to be improper in the case