ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ച് യുവതി; സിസിടിവി ദൃശ്യം പുറത്ത്

മധ്യപ്രദേശിലാണ് സംഭവം നടന്നത്

ഭോപ്പാല്‍: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ച് യുവതി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. യുവതിക്ക് സമീപം ഇയാള്‍ എത്തുന്നതും ലൈംഗികാതിക്രം നടത്തുന്നതും വീഡിയോയിലുണ്ട്. അതിക്രമം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി എഴുന്നേല്‍ക്കുകയും അയാളുടെ മുഖത്തടിച്ച ശേഷം ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.

ദോറി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് നിര്‍ത്തിയ സമയം ഇയാള്‍ ബസില്‍ കയറുകയും ബസിൻ്റെ മുൻ സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിക്ക് സമീപം വന്ന് നില്‍ക്കുകയുമായിരുന്നു. തൊട്ടുപിന്നാലെയായിരുന്നു ലൈംഗികാതിക്രമം. യുവതിയുടെ ദേഹത്ത് സ്പര്‍ശിച്ച ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നാലെ യുവതി ഇയാളുടെ മുഖത്തടിച്ച ശേഷം ബസില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായോടെ ദോറി പൊലീസ് വിഷയത്തില്‍ ഇടപെടുകയും യുവാവിനെ കസ്റ്റഡിയില്‍ എടുക്കയും ചെയ്തു. സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. പൊതുസ്ഥലത്തുവെച്ച് സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. യുവതിയെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള നീചന്മാരെ ഭയപ്പെടരുതെന്നും ധൈര്യത്തോടെ പ്രതികരിക്കണമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

Content Highlights- A woman reportedly confronted and slapped a man accused of inappropriate behaviour inside a bus. CCTV footage of the incident has emerged, showing the incident inside the vehicle.

To advertise here,contact us