ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അന്ന് മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് വിജയ് എത്തിയത്. പൊലീസിനും മുൻ സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്.
കരൂരിലെ ദാരുണ സംഭവം പൊലീസിന്റെ നിഷ്ക്രിയത്വം മൂലം ഉണ്ടായതാണെന്നാണ് വിജയ് പറഞ്ഞത്. പെരുമ്പല്ലൂരില്‍ താന്‍ എത്തിയപ്പോള്‍ ജനങ്ങൾ കൂടുതലുണ്ടെന്ന് പൊലീസ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തനിക്ക് സ്ഥിതി മനസിലാക്കി തീരുമാനം എടുക്കാന്‍ സാധിച്ചു. എന്നാല്‍ കരൂരിൽ തനിക്ക് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ ഹൈവേ മുതല്‍ തങ്ങളെ പൊലീസ് ആനയിച്ചു കൊണ്ടുവരികയായിരുന്നുവെന്നും വിജയ് പറഞ്ഞു. അത്തരം ഒരു നാടകം അവിടെ നടക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും വിജയ് വിശദീകരിച്ചു. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നേരെയുള്ള ഒളിയമ്പായിരുന്നു വിജയ്യുടെ ആ പരാമര്‍ശം.
താന്‍ ഒളിച്ചോടിയെന്ന് വരെ പലരും പറഞ്ഞെു. എന്നാൽ കരൂര്‍ ദുരന്തം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്നു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി സ്റ്റാലില്‍ ഉപയോഗിച്ചെന്നും വിജയ് കുറ്റപ്പെടുത്തി. താന്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തില്‍വന്ന ആളാണ്. രാഷ്ട്രീയ നാടകം കളിച്ചവര്‍ക്ക് ജനം മറുപടികൊടുത്തു. സ്റ്റാലിൻ്റെ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. പാര്‍ട്ടി ഫണ്ട് എന്ന് കേട്ടാലേ പ്രതിപക്ഷം ഓടിയൊളിക്കുകയായിരുന്നു. ഇവരുടെ എല്ലാ മുഖംമൂടിയും അഴിഞ്ഞു വീഴും. ഭരണം മാറിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ജന സൗഹൃദമായെന്നും വിജയ് ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബര്‍ 27നായിരുന്നു കരൂരിൽ 41 പേരുടെ മരണത്തിന് ഇടയായ ദുരന്തം സംഭവിക്കുന്നത്. വിജയ്യുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ആളുകൾ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വിജയ് സ്ഥലത്തുനിന്ന് പോയിരുന്നു. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
Content highlights: Chief Minister Joseph Vijay made his first official visit to Karur after taking office, where he presented a government job appointment order to a bereaved family from the 2025 roadshow tragedy.