രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; മാര്‍ഗ നിര്‍ദേശങ്ങള്‍ എസ്ബിഐ ലംഘിച്ചു: ആരോപണവുമായി ചമ്പത് റായ്

പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം സമര്‍പ്പിച്ച ഹിന്ദി ഭാഷയിലുള്ള ഒര് പേജ് കത്തിലാണ് പരാമര്‍ശം

ലഖ്‌നൗ: എസ്ബിഐക്കെതിരെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ് രംഗത്ത്. ബാങ്ക് നിശ്ചയിച്ചിരുന്ന നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും എന്നാല്‍ ഇത് അവര്‍ അവഗണിച്ചു എന്നുമാണ് ചമ്പത് റായിയുടെ ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം സമര്‍പ്പിച്ച ഹിന്ദി ഭാഷയിലുള്ള ഒര് പേജ് കത്തിലാണ് പരാമര്‍ശം.

രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും കര്‍ശനമായ ചെസ്റ്റ് റൂം പ്രോട്ടോക്കോളുകള്‍ ഉണ്ട്. ബാങ്കിന്റെ അധീനതയിലുള്ള ഒരു സ്ഥലത്ത് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും പരിശോധന, പോക്കറ്റില്ലാത്ത യൂണിഫോമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉണ്ടായിട്ടും ഇത് നടപ്പിലാക്കുന്നതില്‍ എസ്ബിഐക്ക് വീഴ്ച വന്നെന്നാണ് ചമ്പത് റായ് ആരോപിക്കുന്നത്. സംഭാവന എണ്ണുന്നവര്‍ക്ക് ബാങ്ക് ആദ്യം തന്ന യൂണിഫോമില്‍ പോക്കറ്റുകളുണ്ടായിരുന്നു. ബാങ്കിന്റെ ചെസ്റ്റ് റൂള്‍ പൂര്‍ണമായും അവഗണിക്കുന്നതായിരുന്നു ഇത്.

ഇത്തരത്തില്‍ ഒരു അലംഭാവം സംഭവിച്ചതിനെ സംബന്ധിച്ച് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നും ചമ്പത് റായ് ആരോപിച്ചു. അവര്‍ക്ക് അത് അറിയാമായിരുന്നെങ്കില്‍ ഇത്തരം ഒരു തെറ്റ് സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. ബാങ്ക് ചില യുവാക്കളെ സംഭാവന എണ്ണുന്നതിനായി തിരഞ്ഞെടുത്തിരുന്നെന്നും എന്നാല്‍ ഇവരെ ക്ഷേത്ര പരിപാലന ജീവനക്കാരായി നിയമിച്ചെന്നും ചമ്പത് റായ് പറഞ്ഞു. എന്നാല്‍ ചമ്പത് റായിയുടെ ആരോപണങ്ങളില്‍ എസ്ബിഐ പ്രതികരിച്ചിട്ടില്ല.

ട്രസ്റ്റില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ചമ്പത് റായ് ഇന്നലെ ആദ്യമായി പ്രതികരിച്ചിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കയ്യെഴുത്ത് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്രത്തില്‍ സംഭാവന എണ്ണുന്നതിനിടെ നടന്ന മോഷണത്തെ കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ ജൂണ്‍ 6 മുതല്‍ പ്രചരിച്ചിരുന്നു. തനിക്കെതിരെ വ്യക്തിപരമായ ധാരാളം ആരോപണങ്ങളുമുണ്ടായി. എന്നാന്‍ താന്‍ ഒന്നിനും പ്രതികരിക്കാതിരുന്നത് ട്രസ്റ്റ് നിര്‍ദേശ പ്രകാരമായിരുന്നു. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പൊതു ജനങ്ങള്‍ക്കും ലഭിക്കും എന്നായിരുന്നു ചമ്പത്ത് റായിയുടെ എക്സ് പോസ്റ്റിന്റെ ഉള്ളടക്കം.

എസ്ഐടിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ താന്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രചരിപ്പിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ക്ക് അപ്പോള്‍ ഉത്തരമാകും. സത്യം അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും ചമ്പത്ത് റായിയുടെ പോസ്റ്റിലുണ്ടായിരുന്നു. താന്‍ 1991 ഒക്ടോബര്‍ മുതല്‍ തന്റെ സംഘടനയിലൂടെ രാമക്ഷേത്രത്തിന് വേണ്ടി സേവനമനുഷ്ഠിക്കുകയാണ്. തന്റെ 45 വര്‍ഷത്തെ പൊതു ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണെന്നും സത്യത്തിന് മുന്നില്‍ മാത്രം ബഹുമാനപൂര്‍വം തലകുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് അയോധ്യ രാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റില്‍ നിന്ന് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് രാജിവെച്ചത്. ട്രസ്റ്റ് യോഗമാണ് ചമ്പത്ത് റായ്, അനില്‍ മിശ്ര എന്നിവരുടെ രാജി സ്വീകരിച്ചത്.കൃഷ്ണ മോഹന്‍ ഇടക്കാല ജനറല്‍ സെക്രട്ടറിയാകും. രാമക്ഷേത്ര സംഭാവന കൊള്ള കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തി എന്നാണ് അയോധ്യയില്‍ ഇന്ന് ചേര്‍ന്ന ക്ഷേത്ര ട്രസ്റ്റ് യോഗം വിലയിരുത്തിയത്. പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, അംഗം അനില്‍ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് യോഗം സ്വീകരിച്ചത്. ആകെയുള്ള ട്രസ്റ്റ് അംഗങ്ങളില്‍ ഒന്‍പത് പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗിരി അറിയിച്ചിരുന്നു.

അതിനിടെ അയോധ്യ രാമക്ഷേത്ര കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങളില്‍ എഴുപത് തവണ പ്രതികള്‍ പണമടക്കം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 27ന് മുമ്പുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ എസ്‌ഐടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ചമ്പത് റായിയും അനില്‍ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആരുമറിയാതെ എങ്ങനെയാണ് മോഷ്ടാക്കള്‍ തട്ടിപ്പ് നടത്തിയത് എന്നതിന്റെ വ്യക്തമായ വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Content Highlights: Former Ayodhya Ram Temple Trust General Secretary Champat Rai has alleged that SBI ignored its own banking regulations and violated prescribed procedures. The claims were made in a one-page Hindi letter submitted to the Special Investigation Team (SIT), prompting fresh attention to the ongoing investigation.

To advertise here,contact us