ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്മോര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധയ്ക്കായി നേരിട്ടെത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൈക്കൂലി, ശുചിത്വമില്ലായ്മ, അപര്യാപ്തമായ സൗകര്യങ്ങള്‍ ആണെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ വിഡിയോ സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ്യുടെ നേരിട്ടുള്ള സന്ദര്‍ശനം. ചെന്നൈയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ ഫോര്‍ ചില്ഡ്രനിലാണ് വിജയ് പരിശോധന നടത്തിയത്.
ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തിയ വിജയ് നവജാത ശിശുക്കളെ കൈകളിലെടുത്ത് ഓമനിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ആശുപത്രിയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികളുടെ പരിചരണം ഉറപ്പുവരുത്തുന്നതിനുമായാണ് മുഖ്യമന്ത്രി വിജയ് മിന്നല്‍ പരിശോധന നടത്തിയത്. വാര്‍ഡുകളിലുണ്ടായിരുന്ന അമ്മമാരോടും കൂട്ടിരുപ്പുകാരോടും വിവരങ്ങള്‍ അദേഹം ചോദിച്ചറിഞ്ഞു. ജോലിയില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെയും അഴിമതിക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.
ചെന്നൈ ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുഖ്യമന്ത്രി അപ്രതീക്ഷിത പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്. വിജയ് നവജാത ശിശുക്കളെ കൈയിലെടുക്കുന്നതും അവരുടെ അമ്മമാരുമായി സംവദിക്കുന്നതും മെഡിക്കല്‍ സ്റ്റാഫുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമായ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു.
Content Highlights:Tamil Nadu Chief Minister Joseph Vijay made an unannounced visit to Chennai Egmore Hospital after bribery allegations surfaced. The inspection was aimed at reviewing hospital functioning and addressing complaints.