ന്യൂഡൽഹി: ഫയദോർ ദസ്തയേവ്സ്കി തൻ്റേതിന് സമാനമായ ജയിൽ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ രചനയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉമർ ഖാലിദ്. 2020ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ 'ദ ഗാർഡിയ'നോട് പങ്കുവെച്ച ജയിൽ അനുഭവങ്ങളിലാണ് ഉമറിൻ്റെ പ്രതികരണം. സൂര്യാസ്തമയമാണ് ജയിലിലെ ഏറ്റവും കഠിനമായ സമയം. ഡൽഹിയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ തടവിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെയും വൈകുന്നേരങ്ങളിൽ അവരുടെ സെല്ലുകളിൽ നിന്ന് പുറത്തേക്കിറക്കി, ഇരുട്ട് വീഴുന്നതുവരെ ഈർപ്പമുള്ള മുറ്റത്ത് നിർത്താറുണ്ട്. അത്തരം ഓരോ സായാഹ്നവും തടവുകാരൻ്റെ മനസ്സിനെ തളർത്തുന്ന ഒരു ഭയം വീണ്ടും ഉയർന്നുവരുന്നതായി അനുഭവപ്പെടാറുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ദസ്തയേവ്സ്കിയുടെ ജയിൽ അനുഭവങ്ങൾ ഉമർ ഖാലിദ് അനുസ്മരിക്കുന്നത്. ദസ്തയേവ്സ്കിയും തന്റെ ജയിൽസ്മരണകളിൽ ഈ അവസ്ഥയെപ്പറ്റി പറയുന്നു. ഒരുപക്ഷേ, അന്ന് മറ്റൊരു ദിവസം കൂടി തടവറയിൽ നഷ്ടമായെന്ന തിരിച്ചറിവാണ് ആ സമയത്ത് മനസ്സിനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് എന്നായിരുന്നു ഉമർ ഖാലിദിൻ്റെ പ്രതികരണം.
രാത്രിയാകുമ്പോൾ സ്വന്തം സെല്ലിലേക്ക് മടങ്ങുമ്പോഴാണ് ചെറിയൊരു സമാധാനം ലഭിക്കുന്നതെന്നും ഉമർ ഖാലിദ് പറയുന്നുണ്ട്. വാർഡന്റെ താക്കോൽച്ചങ്ങലയുടെ ശബ്ദം അകന്നുപോകുമ്പോൾ ജയിൽ സെല്ലിലെ ഭിത്തിയിൽ എഴുതിവെച്ച ചില വാക്കുകൾ കരുത്താകുന്നതിനെക്കുറിച്ചും ഉമർ പറയുന്നുണ്ട്. സാമ്രാജ്യത്വ വിരുദ്ധ വിപ്ലവകാരി ഭഗത് സിംഗിൻ്റെ ചിത്രവും അതിനരികിൽ എഴുതിവെച്ചിരിക്കുന്ന 'തടവിലായിരിക്കുമ്പോഴും സ്വതന്ത്രനായി ജീവിക്കുന്ന ആ ഭ്രാന്തൻ ആത്മാവാണ് ഞാൻ' എന്ന ഭഗത് സിംഗിൻ്റെ വാക്കുകൾ പ്രചോദനമാകുന്നതിനെക്കുറിച്ചും അഭിമുഖത്തിൽ ഉമർ ഖാലിദ് വിശദീകരിക്കുന്നുണ്ട്.
സ്വന്തം ജീവിതം ഒരു രാഷ്ട്രീയ പ്രതീകമായി ചുരുക്കപ്പെട്ടതിന്റെ വേദനയും അഭിമുഖത്തിൽ ഉമർ ഖാലിദ് പങ്കുവെയ്ക്കുന്നുണ്ട്. 'പോസിറ്റീവായിട്ടായാലും നെഗറ്റീവായിട്ടായാലും നിങ്ങൾ ഒരു പ്രതീകമായി ചുരുങ്ങി പോകുമ്പോൾ മാനുഷികതയും മനഃസമാധാനവും പോലും നിലനിർത്തുക വളരെ ബുദ്ധിമുട്ടാണ്. എന്നെ പിന്തുണയ്ക്കുന്നവരും ചിലപ്പോൾ ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന കാര്യം മറക്കുന്നു. എനിക്കും ഭയങ്ങളും ആശങ്കകളും ദൗർബല്യങ്ങളും ഉണ്ട്. ഈ വർഷങ്ങളായുള്ള ജയിൽജീവിതം എന്റെ മനസ്സിനെയും ശരീരത്തിനെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്' എന്നായിരുന്നു ഉമർ ഖാലിദ് പ്രതികരിച്ചത്. എന്നാൽ ഇതൊന്നും മോദി സർക്കാരിനെതിരായ തൻ്റെ നിലപാടിനെ മയപ്പെടുത്തിയിട്ടില്ലെന്നും അഭിമുഖത്തിൽ ഉമർ ഖാലിദ് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിച്ചതോടെ വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയും ഇന്ത്യയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് ഉമർ ഖാലിദ് ആശങ്കപ്പെടുന്നുണ്ട്. ഇന്ന് ഇന്ത്യ സത്യാനന്തര (Post-truth) സമൂഹമായി മാറുന്ന പ്രക്രിയ ഏകദേശം പൂർണമായിക്കഴിഞ്ഞുവെന്ന നിഗമനവും ഉമർ ഖാലിദ് പങ്കുവെയ്ക്കുന്നുണ്ട്.
കേസിൻ്റെ നിയമപരമായ കാര്യങ്ങളെ കുറിച്ചോ ജയിലിലെ പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചോ സംസാരിക്കില്ലെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, മൗനം പാലിക്കാൻ തനിക്ക് കഴിയില്ലെന്നും ഉമർ ഖാലിദ് പറയുന്നുണ്ട്. 'നിങ്ങളോടൊപ്പം ഭക്ഷണം പങ്കിട്ട സഹ തടവുകാരിൽ നിന്ന് പോലും നിങ്ങളെക്കുറിച്ചുള്ള പിറുപിറുപ്പുകൾ കേൾക്കുന്നു. നിങ്ങളെ പിന്നിൽ നിന്ന് തീവ്രവാദി എന്ന് വിളിക്കുന്നു. ഈ പ്രചാരണം ആളുകളുടെ കണ്ണിൽ എന്നെ മനുഷ്യത്വമില്ലാത്തവനാക്കുകയാണ്. എന്നെപ്പോലുള്ളവർക്ക് മനുഷ്യനായി കാണപ്പെടാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു'വെന്നും ഉമർ ഖാലിദ് പറയുന്നുണ്ട്.
ജീവതാനുഭവങ്ങൾ സമ്മാനിച്ച കാഴ്ചയെക്കുറിച്ചും ഉമർ ഖാലിദ് പറയുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ച സമൂഹത്തെ മതത്തിന്റെ പേരിൽ എങ്ങനെ വിഭജിച്ചുവെന്നും മുസ്ലിങ്ങളുടെ അവകാശങ്ങളും ആത്മാഭിമാനവും എങ്ങനെ നഷ്ടപ്പെട്ടുവെന്നും ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിൽ വളർന്ന താൻ നേരിൽ കണ്ടിട്ടുണ്ടെന്നും ഉമർ ഖാലിദ് പറയുന്നുണ്ട്. 'മുസ്ലിങ്ങൾ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത കാലത്താണ് ഞാൻ വളർന്നത്. ഇത്തരം സംഭവങ്ങൾ ഒരു മനുഷ്യനെയും സ്വാധീനിക്കാതിരിക്കില്ല' എന്നായിരുന്നു ഉമർ ഖാലിദിൻ്റെ പ്രതികരണം.
തന്നെയും നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥി നേതാക്കളെയും 'വർഗീയകലാപം ആസൂത്രണം ചെയ്തവർ' എന്നും 'രാജ്യത്തിനെതിരായ ആക്രമണം സംഘടിപ്പിച്ചവർ' എന്നും കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുന്നതിനെ പറ്റിയും അഭിമുഖത്തിൽ ഉമർ ഖാലിദ് പ്രതികരിച്ചിട്ടുണ്ട്.. 'ഭീതിജനകമായ ഒരു സാങ്കൽപ്പിക ലോകത്തിലെ കഥ' എന്നായിരുന്നു ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഉമർ ഖാലിദിൻ്റെ പ്രതികരണം. ഭീകരവിരുദ്ധ നിയമപ്രകാരം 2020ൽ അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കപ്പെട്ട ഉമർ ഖാലിദിൻ്റെ കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ഇതേ കേസിലെ മറ്റു പലർക്കും ജാമ്യം ലഭിച്ചപ്പോൾ ഖാലിദിന് തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെക്കുറിച്ചും അഭിമുഖത്തിൽ ഉമർ ഖാലിദ് പ്രതികരിക്കുന്നുണ്ട്. 'മോചനം ലഭിക്കുമെന്ന പ്രതീക്ഷ ഓരോ തവണയും തകർന്നുപോകുമ്പോൾ അത് വലിയൊരു മാനസികാഘാതമാണ്. പതിയെ പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടു. പ്രതീക്ഷ ഇല്ലാതെ ജയിലിൽ ജീവിക്കുക അത്യന്തം ബുദ്ധിമുട്ടാണ്. അത് മനസ്സിനെയും ശരീരത്തിനെയും തകർക്കുന്നു' എന്നായിരുന്നു ഉമർ ഖാലിദിൻ്റെ പ്രതികരണം.
ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കായി പ്രതിപക്ഷ പാർട്ടികളും സാമൂഹിക സംഘടനകളും വേണ്ടത്ര ശക്തമായി പ്രതികരിക്കാത്തതിലുള്ള കടുത്ത നിരാശയും ഉമർ ഖാലിദ് പങ്കുവെച്ചു. 'ഈ മൗനം ഭരണകൂടത്തെ കൂടുതൽ ശക്തമാക്കുന്നു. ആറുവർഷത്തിന് ശേഷം ഞാൻ വളരെ നിരാശനാണ്. പലപ്പോഴും ഒറ്റപ്പെട്ടവനാണെന്ന തോന്നലുണ്ട്. പ്രതിപക്ഷ പാർട്ടികളുടെയും പൊതു സമൂഹത്തിൻ്റെയും മൗനമാണ് ഭരണകൂടത്തിന് കൂടുതൽ വിമർശകരെ ലക്ഷ്യമിടാൻ ധൈര്യം നൽകുന്നത്', എന്നായിരുന്നു ഉമർ ഖാലിദിൻ്റെ പ്രതികരണം.
Content Highlights: Umar Khalid says Bhagat Singh drew strength during imprisonment, comparing his prison experiences with the writings of Fyodor Dostoevsky. Explore the context and significance of the remarks.