ബെംഗളൂരു: എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷാണ് ഭര്‍ത്താവ്. സ്വവസതിയിൽ വെച്ച് ഉറക്കത്തിനിടെയായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
1943 ജൂൺ രണ്ടിന് കർണ്ണാകയിലെ ശിവമോഗയിൽ ജനിച്ച ഇന്ദിര ലെങ്കേഷ് 1960ൽ പ്രശസ്ത കന്നഡ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ പി ലങ്കേഷിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറ്റി. പി ലങ്കേഷ് അധ്യാപകവൃത്തി ഉപേക്ഷിച്ച് സിനിമ നിർമ്മാണത്തിലും നാടക രംഗത്തും സജീവമായപ്പോൾ വീട് കേന്ദ്രമാക്കി സാരി വിൽപ്പന ആരംഭിച്ച ഇന്ദിര കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തു. പിന്നീട് 1979-ൽ ഗാന്ധി ബസാറിൽ ‘മയൂർ സിൽക്സ് ആൻഡ് ടെക്സ്റ്റൈല്‍സ്’ എന്ന പേരിൽ വിജയകരമായ ഒരു സാരി വ്യാപാര സ്ഥാപനം ഇന്ദിര ആരംഭിച്ചു. ഒരു വർഷത്തിന് ശേഷം ലങ്കേഷ് തൻ്റെ പ്രശസ്തമായ ലങ്കേഷ് പത്രിക എന്ന ടാബ്ലോയ്ഡ് ആരംഭിച്ചു.
ലങ്കേഷിനൊപ്പമുള്ള ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഇന്ദിര ലങ്കേഷിന്റെ ആത്മകഥാപരമായ സ്മരണയായ ‘ഹുളിമാവു മത്തു നാനു' മകൾ ഗൗരി ലങ്കേഷിൻ്റെ ‘ഗൗരി ലങ്കേഷ്' പത്രികയിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ലങ്കേഷിന്റെ ആത്മകഥയായ ‘ഹുളിമാവിന മറ’യെ ഓർമ്മിപ്പിക്കുന്ന ശീർഷകത്തോടെയുള്ള ഈ കൃതി കന്നഡ വനിതാ ആത്മകഥാസാഹിത്യത്തിലെ ഒരു നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്.
മൂത്ത മകളായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിൽ തീവ്രഹിന്ദുത്വ വാദികൾ എന്ന് ആരോപിക്കപ്പെടുന്ന സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷിനെ മാനസികമായി തളർത്തിയിരുന്നു. മരണം വരെ ഗൗരി ലെങ്കേഷിൻ്റെ വേർപാട് ഉണ്ടാക്കിയ ആഘാതത്തെ മറികടക്കാൻ ഇന്ദിര ലെങ്കേഷിന് സാധിച്ചിരുന്നില്ല എന്നാണ് അടുത്ത കുടുംബം വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കാൻസർ ബാധിതയായിരുന്നെങ്കിലും പുസ്തക വായനയടക്കമുള്ള ശീലങ്ങളിലൂടെ അവർ രോഗത്തെയും അതിജീവിച്ചിരുന്നു. കവിത ലങ്കേഷ്, ഇന്ദ്രജിത് ലങ്കേഷ് എന്നിവരാണ് ഇന്ദിര ലെങ്കേഷിൻ്റെ മറ്റുമക്കൾ.
Content Highlights- Writer and journalist Indira Lankesh has passed away. Known for her contributions to literature and public discourse, she was a prominent figure in cultural and media circles.