ന്യൂഡൽഹി: ഇൻഡ്യാ സഖ്യ യോഗത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ടതിൽ ഇടതുപാർട്ടികൾക്ക് അതൃപ്തി. കോൺഗ്രസ് പൊതുധാരണ ലംഘിച്ചുവെന്നാണ് സിപിഐഎമ്മും സിപിഐയും വിലയിരുത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അലിംഗനം ചെയ്യാൻ കഴിയില്ലെന്ന പ്രസംഗത്തിലെ ഭാഗം പുറത്ത് വിട്ടതിലും ഇടത് പാർട്ടികൾക്ക് അതൃപ്തിയുണ്ട്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ പോയി ആലിംഗനം ചെയ്യാൻ പറഞ്ഞാൻ ഞാനത് ചെയ്യില്ല. എനിക്ക് അതിന് കഴിയില്ല. കാരണം ഞാൻ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധിക്ക് പിണറായിയെ ആലിംഗനം ചെയ്യാനാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇടതു പാർട്ടികൾ ഉയർത്തുന്നുണ്ട്.
ഇതിനിടെ ഇൻഡ്യാ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പുറത്ത് വിട്ടതിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രസംഗം പുറത്ത് വിട്ടത് ശരിയായില്ലെന്ന് സന്തോഷ് കുമാർ എംപി റിപ്പോർട്ടറിനോട് പ്രതികരിച്ചു. കോൺഗ്രസ് പൊതുധാരണ ലംഘിച്ചുവെന്നും പ്രസംഗം പുറത്തുവിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്നും സന്തോഷ് കുമാർ പ്രതികരിച്ചു. പ്രസംഗം പുറത്തുവിട്ടതിലെ അസംതൃപ്തി അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.
മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയ സംഭവത്തിലും സന്തോഷ് കുമാർ എം പി പ്രതികരിച്ചു. കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് സന്തോഷ് കുമാർ എംപി കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് ജാഗ്രതാ കുറവ് ഉണ്ടായി. നാമിർദേശപത്രിക തയ്യാറാക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല. ഇലക്ഷൻ കമ്മീഷനിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കോൺഗ്രസിന് അകത്ത് ഉള്ളവരും ഇതിൽ പങ്കുവഹിച്ചിട്ടുണ്ടാകാമെന്നും സന്തോഷ് കുമാർ എം പി കുറ്റപ്പെടുത്തി. നേതൃത്വത്തിൻ്റെ അലംഭാവം മറന്നു പോകരുതെന്നും സിപിഐ നേതാവ് ചൂണ്ടിക്കാണിച്ചു. കേരളത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.
ജൂൺ എട്ടിന് നടന്ന ഇൻഡ്യാ സഖ്യ യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം നേരത്തെ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രാഹുൽ ഗാന്ധി ഇൻഡ്യ സഖ്യ യോഗത്തിൽ പറഞ്ഞു. സമസ്ത മേഖലകളും ആർഎസ്എസും ബിജെപിയും കയ്യടക്കുന്ന ഘട്ടത്തിൽ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ തലത്തിൽ ഒന്നിച്ചുനിൽക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കരുതെന്ന പൊതു നിലപാടാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്നും ആ സമയത്ത് ഒന്നിക്കാനുളള വഴക്കം പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാകണമെന്നും രാഹുൽ പറഞ്ഞിരുന്നു.
പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ല എന്ന് പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിണറായി വിജയനുമായുളള രാഷ്ട്രീയ പോരാട്ടം തുടരുകയാണെന്നും ഇൻഡ്യാ സഖ്യത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ നിലനിൽപ്പുണ്ട്. ഇന്ത്യ എന്ന ആശയം പ്രതിരോധത്തിൽ ആകുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകും എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഒന്നിക്കാനുളള വഴക്കം നമുക്ക് ഉണ്ടാകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. നിതീഷ് കുമാർ ഇൻഡ്യാ സഖ്യം വിട്ടത് തന്റെയോ കോൺഗ്രസിന്റെയോ കുഴപ്പം കൊണ്ടല്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയെക്കുറിച്ചുളള വിമർശനങ്ങൾ സ്വീകരിക്കും എന്നും കോൺഗ്രസ് പുറത്ത് വിട്ട് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലുണ്ട്.
Content Highlights: The CPI has voiced opposition to the release of Rahul Gandhi’s speech from the INDIA alliance meeting, with Left parties expressing dissatisfaction over the disclosure. Read more about the political reactions and developments.