ന്യൂഡല്‍ഹി: നിയമസഭയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി മമതാ ബാനര്‍ജിക്ക് ലോക്സഭയിലും തിരിച്ചടി തുടരുന്നു. ജാദവ് പൂര് എംപി സയോണി ഘോഷും ദക്ഷിണ് കൊല്‍ക്കത്ത എംപി മാലാ റോയിയും വിമത ക്യാപിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. സയോണി ഘോഷ് വിമത ക്യാമ്പിലെ മുതിര്‍ന്ന എം പി കാകോലി ഘോഷ് ദസ്തിദാറുമായി സംസാരിച്ച് പിന്തുണ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ട എംപിമാര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ച കത്തില്‍ സയോണി ഘോഷ് ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സയോണി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ തനിക്ക് ലഭിച്ചില്ലെന്നാണ് സയോണി പറയുന്നത്. ആ ഘട്ടത്തില്‍ താന്‍ ഒറ്റപ്പെട്ടെന്നും പാര്‍ട്ടിയില്‍ നിന്നും ഒരാള്‍പ്പോലും പിന്തുണ പ്രഖ്യാപിച്ചില്ലെന്നുമാണ് സയോണി പറയുന്നു. ഇതെല്ലാം വിമത നീക്കത്തിന് പ്രേരിപ്പിച്ചുവെന്നാണ് സൂചന.
മമതയുടെ അടുത്ത അനുയായിരുന്നു മാലാ റോയിയും വിമത ക്യാംപിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വിവരം. ഇരുവരുടെയും വിമത നീക്കം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായിരുന്നു സുഷ്മിത ദേവ് രാജിവെച്ചത്. ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുമായി സുഷ്മിത കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ നേതാവ് ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമായി. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്ന് രാജിവെച്ച് മൂന്നാം ദിനമായിരുന്നു അടുത്ത രാജി. ലോക്സഭയില്‍ നിന്നുള്ള 20 എംപിമാര്‍ ഇതിനോടകം തന്നെ വിമത നീക്കം നടത്തി എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Saayoni Ghosh and Mala Roy likely to join rebel TMC camp Report