കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. 20 എംപിമാര്‍ ടിഎംസിയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന. 20 ടിഎംസി എംപിമാര്‍ എന്‍ഡിഎയെ പിന്തുണക്കുമെന്ന് കാക്കോലി ഘോഷ് ദസ്തിദാര്‍ അവകാശപ്പെട്ടു. എംപിമാര്‍ തങ്ങളുടെ നിലപാട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ എന്‍ഡിഎയെ പിന്തുണക്കാനുള്ള തീരുമാനം സ്പീക്കറെ അറിയിച്ചതായി കാക്കോലി ഘോഷ് പറഞ്ഞു. പാര്‍ട്ടിയുടെ ചീഫ് വിപ്പായി താന്‍ തന്നെ തുടരുമെന്ന് കാക്കോലി ഘോഷ് വ്യക്തമാക്കി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും എന്‍ഡിഎയുമായി യോജിക്കുന്നതിലാണ് തങ്ങളുടെ രാഷ്ട്രീയ ഭാവിയെന്നും കാക്കോലി കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ ആകെ 28ഉം രാജ്യസഭയില്‍ 12ഉം എംപിമാരാണ് ടിഎംസിക്കുള്ളത്. എന്നാല്‍ ടിഎംസി നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നാലെ പുതിയ സംസ്ഥാന നേതൃത്വത്തെ കഴിഞ്ഞ ദിവസം മമത ബാനര്‍ജി തീരുമാനിച്ചിരുന്നു. മുന്‍ മന്ത്രിയായിരുന്ന ചന്ദ്രമ ഭട്ടാചാര്യയെയാണ് പുതി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തത്. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി ഡെറിക് ഒബ്രിയാന്, ഡോള സെന്‍ എന്നിവരെയും നിയമിച്ചു. അഭിഷേക് ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. സുബ്രത ബക്ഷി ദേശീയ പ്രവര്‍ത്തക സമിതിയിലെ വൈസ് പ്രസിഡന്റായി തുടരും. സജ്ദ അഹമ്മദ്, മമത താക്കൂര്‍, നയന ബന്ധ്യോപാധ്യായ്, സ്വാതി ഖണ്ഡേക്കര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ബാബര്‍ അലി, പുലക് റോയി, അഷിമ പത്ര, അരൂപ് ബിശ്വാസ്, രാജിബ് ബാനര്‍ജി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ജ്യോതിപ്രിയോ മുല്ലിക്, ഡോ. റാണ ചാറ്റര്‍ജി, ബിദേഷ് ബോസ്, ത്രിനാങ്കുര്‍ ഭട്ടാചാര്യ, ജയ ദത്ത, തപസ് ചാറ്റര്‍ജി, വസുന്ദര ഗോസ്വാമി, ഗൗതം ദേബ് എന്നിവരെ എക്സിക്യൂട്ടീവ് മെമ്പര്‍മാരായി നിയമിച്ചു. ലോക്സഭ എംപികൂടിയായ സായോണി ഘോഷാണ് യുവജന വിഭാഗം അധ്യക്ഷ. മധുരിമ താക്കൂറാണ് യുവജന വിഭാഗം ജനറല്‍ സെക്രട്ടറി. കല്യാണ്‍ ബാനര്‍ജി, കുനാല്‍ ഘോഷ് എന്നിവരായിരിക്കും പാര്‍ട്ടി വക്താക്കള്‍. മറ്റ് അംഗങ്ങള്‍: മഹിള പ്രസിഡന്റ്- മാല റോയി, ടിഎംസിപി പ്രസിഡന്റ്-പ്രിയങ്ക അധികാരി, ഐഎന്‍ടിടിയുസി പ്രസിഡന്റ്- മൊലോയി ഘട്ടക്, കര്‍ഷക വിഭാഗം പ്രസിഡന്റ്- ബെച്ചാരം മന്ന, എസ്സി, എസ്ടി വിഭാഗം പ്രസിഡന്റ്- ബിര്‍ബാഹ ഹന്‍സ്ദ, ട്രഷറര്‍, സുഭാശിഷ് ചക്രബര്‍ത്തി.
Content Highlights: Trinamool Congress chief Mamata Banerjee is facing a fresh political challenge amid reports suggesting that around 20 MPs may leave the party, raising concerns over internal dissent.