ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. 36 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് നിലവില്‍ അണ്ണാമലൈക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴാണ് കേന്ദ്രം സുരക്ഷ അനുവദിച്ചത്.
ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. 15 ലക്ഷത്തോളം ആളുകൾ പുതിയ പാർട്ടിയിൽ അംഗത്വമെടുത്തെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാർട്ടി വിട്ടേക്കുമെന്നും വിവരം വന്നിരുന്നു. ഐപിഎസ് ഓഫീസർ പദവി ഉപേക്ഷിച്ച് 2020ലായിരുന്നു അണ്ണാമലൈയുടെ ബിജെപി പ്രവേശനം. 2021ൽ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
രാജിവെയ്ക്കുന്നതിന് മുന്നോടിയായി ഡൽഹിയിലെത്തിയ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അനുനയനീക്കം വിജയിക്കാതെ വന്നതോടെ രാജിയിലുറയ്ക്കുകയായിരുന്നു. പിന്നാലെ അഞ്ച് പേജുള്ള രാജിക്കത്താണ് അണ്ണാമലൈ നേതൃത്വത്തിന് കൈമാറിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റ അവഗണന, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജിക്കത്ത്.
രാജ്യസഭാ സീറ്റ് അടക്കം അണ്ണാമലൈക്ക് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ദീർഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴുവർഷം തുടർച്ചയായി ചുമതല നൽകണമെന്നുമായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ഈ ആവശ്യം പക്ഷെ കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. തമിഴ്നാടിന്റെ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പാർട്ടി നേതൃത്വവുമായി ഒത്തുപോകാൻ കഴിയാത്തതാണ് രാജിക്ക് കാരണമെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.
Content Highlights: Annamalai Writes to Centre Seeking Withdrawal of Z Plus Security Cover