ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് ദേശീയ മാധ്യമങ്ങള്‍. മുന്‍നിര ദേശീയ പത്രങ്ങളിലോ ചാനലുകളിലോ ഇന്നത്തെ സിജെപിയുടെ പ്രതിഷേധം വാര്‍ത്തയായില്ല. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു പത്രങ്ങൾ അവരുടെ മുന്‍ പേജില്‍ നിന്ന് സിജെപി പ്രതിഷേധം ഒഴിവാക്കി. അതേസമയം ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയായി സിജെപി പ്രതിഷേധത്തെ ചുരുക്കി.
ദേശീയ വാര്‍ത്താചാനലുകളിലും ഡല്‍ഹി ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധം ഒരുഘട്ടത്തില്‍പ്പോലും തത്സമയം സംപ്രേഷണം ചെയ്തിട്ടില്ലെന്നുമാത്രമല്ല പൂര്‍ണ്ണമായും കണ്ണടയ്ക്കുന്ന നിലയിലാണ്. ദേശീയ മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ വിമര്‍ശനം ശക്തമാണ്. ആരോടാണ് ഇവര്‍ വിധേയത്വം കാണിക്കുന്നത് എന്നതില്‍ സംശയമില്ലല്ലോയെന്നാണ് സാമൂഹമാധ്യമങ്ങളിലെ ചോദ്യം. 'ഗോദി മീഡിയ' എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ജന്തര്‍മന്തറിലെ പാര്‍ലമെന്റ് സ്ട്രീറ്റിലാണ് കോക്രോച്ച് ജനതയുടെ ആദ്യ പ്രതിഷേധം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഡല്‍ഹിയില്‍ എത്തി. അംബേദ്കറിന്റെ പുസ്തകം ഉയര്‍ത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധക്കാര്‍ നേരെ ജന്തര്‍ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.
രാവിലെ 7.37നാണ് ഇന്ത്യയില്‍ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയില്‍ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തില്‍ എത്തിയ അഭിജീത് ദീപ്കെയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും അഭിജീത് ദീപ്കെ പുറത്തിറങ്ങാന്‍ വൈകിയതോടെ ജന്തര്‍ മന്തറില്‍ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും. നിയമപരമായ നടപടിക്രമം പൂര്‍ത്തിയാക്കാനുള്ള താമസമാണ് വിമാനത്താവളത്തില്‍ ഉണ്ടായതെന്നാണ് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
Content Highlights: National media ignored the dharmendra pradhan resignation protest by cockroach janata party