ബംഗാളിൽ മമതാ ബാനർജിക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

. 59 ടിഎംസി എംഎൽഎമാരുടെ പിന്തുണകത്ത് ഹാജരാക്കിയ ഋതബ്രത ബാനർജിയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച ശോഭൻദേബ് ചട്ടോപാധ്യായിയെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. 59 ടിഎംസി എംഎൽഎമാരുടെ പിന്തുണകത്ത് ഹാജരാക്കിയ ഋതബ്രത ബാനർജിയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു. 53 എംഎൽഎമാരുടെ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടിയിരുന്നത്.

താനടക്കം 59 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് നേരത്തെ ഋതബ്രത ബാനർജി രംഗത്തെത്തിയിരുന്നു. നിയമസഭയിലാണ് ഋതബ്രത അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരായ അരൂപ് റോയ്, ഷിയുലി സാഹ, അഖ്‌റുസ്സമാന്‍ എന്നിവരും ഋതബ്രതയ്‌ക്കൊപ്പം സഭയിലെത്തിയിരുന്നു.

നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ടിഎംസി പാർലമെൻ്ററി പാർട്ടി ശോഭൻദേബ് ചധോപാധ്യയെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതായി സ്പീക്കർക്ക് തൃണമൂൽ നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ കത്ത് എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടാണ് കൈമാറിയതെന്ന ആരോപണം ഉയർന്നിരുന്നു.ഒപ്പുകള്‍ വ്യാജമെന്ന് കാട്ടി ഋതബ്രതയും സന്ദീപന്‍ സാഹയും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ ശോഭൻദേബ് ചട്ടോഹാധ്യായിയെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു. അഭിഷേക് ബാനർജിക്ക് എതിരെയായിരുന്നു ഇത് സംബന്ധിച്ച് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസിയിൽ വിമതനീക്കം നടന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിമതര്‍ക്ക് ചുരുങ്ങിയത് 54 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിട്ടുണ്ട്. 59 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് അവകാശപ്പെടാനുള്ള മുൻതൂക്കം കൂടിയാണ് ഋതബ്രത നേതൃത്വം നൽകുന്ന സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ഇതിനിടെ തൃണമൂൽ കോൺഗ്രസ് പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ കടുത്ത നടപടിയുമായി മമതാ ബാനർജി രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം അറിയിച്ചു. വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം പുനസംഘടന ഉണ്ടാകുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ പ്രതിപക്ഷ നേതാവാക്കണമെന്നും യഥാര്‍ത്ഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ട് ഋതബ്രത ബാനര്‍ജി സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ടിഎംസി നേതൃത്വം എല്ലാ കമ്മിറ്റികളെയും പിരിച്ചുവിട്ടത്.

Content Highlights: Mamata Banerjee setback, Ritabrata Banerjee Leader of Opposition, TMC internal crisis West Bengal, TMC split 2026, Ritabrata Banerjee expelled TMC, Bengal Assembly LoP, Trinamool Congress rebellion, West Bengal politics 2026

To advertise here,contact us