പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ട് മമതാ ബാനർജി

വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം പുനസംഘടന ഉണ്ടാകുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ കടുത്ത നടപടിയുമായി മമതാ ബാനർജി. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം അറിയിച്ചു. വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം പുനസംഘടന ഉണ്ടാകുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ പ്രതിപക്ഷ നേതാവാക്കണമെന്നും യഥാര്‍ത്ഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ട് ഋതബ്രത ബാനര്‍ജി സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ടിഎംസി നേതൃത്വം എല്ലാ കമ്മിറ്റികളെയും പിരിച്ചുവിട്ടത്.

രണ്ടുദിവസം മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ഋതബ്രത ബാനര്‍ജി. തനിക്ക് 60 എംഎൽഎമാരുടെ പിന്തുണയുണ്ട് എന്ന് അവകാശപ്പെട്ടാണ് ഋതബ്രത ബാനർജി സ്പീക്കറെ സമീപിച്ചത്. എംഎല്‍എമാരായ അരൂപ് റോയ്, ഷിയുലി സാഹ, അഖ്‌റുസ്സമാന്‍ എന്നിവരും ഋതബ്രതയ്‌ക്കൊപ്പം സഭയിലെത്തിയിരുന്നു. തന്നെ പ്രതിപക്ഷ നേതാവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഋതബ്രത നിയമസഭയിലെത്തിയത്. ആകെ 80 എംഎല്‍എമാരാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. ഇതില്‍ 60 പേരുടെ ഒപ്പുകള്‍ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിമതര്‍ക്ക് ചുരുങ്ങിയത് 54 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. നേരത്തെ പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചട്ടോപാധ്യായെ നിയമിക്കാനുള്ള ഔദ്യോഗിക തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന് കാട്ടി ഋതബ്രതയും സന്ദീപന്‍ സാഹയും നല്‍കിയ പരാതിക്ക് പിന്നാലെ സ്പീക്കര്‍ തടഞ്ഞിരുന്നു. പിന്നാലെ ഇരുവരെയും ടിഎംസിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ 20 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ടിഎംസി നേതൃത്വം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടത്.

Content Highlights: Facing the threat of split, Trinamool Congress dissolves all committees and affiliated organizations

To advertise here,contact us