ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ ശനിയാഴ്ച്ച രാവിലെ എട്ടുമണിയ്ക്ക് വിമാനത്താവളത്തില്‍ എത്തുമെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ്. എല്ലാവരും ഒരുമിച്ച് അഭിജീതിനെ സ്വീകരിക്കുമെന്നും എല്ലാവരെയും പ്രതിഷേധ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സൗരവ് ദാസ് പറഞ്ഞു. സിജെപിയുടെ ആദ്യ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ ആയിരിക്കുമെന്നും പിന്നീടുളള സമര പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സൗരവ് വ്യക്തമാക്കി. സിജെപി വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനാണ് സൗരവ് ദാസ്.
'അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ വോട്ട് ചെയ്യുക എന്നത് മാത്രമല്ല ജനാധിപത്യം. അഞ്ച് വര്‍ഷം എല്ലാം സഹിച്ച് കഴിയുക എന്നതല്ല ജനാധിപത്യം. നിയമം കയ്യിലെടുക്കില്ല. നിയമം അനുവദിക്കുന്ന രൂപത്തില്‍ സമാധാനപരമായി സമരം നടത്തും. അഭിജീത് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അറസ്റ്റ് ചെയ്താല്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കും. ഏത് പാര്‍ട്ടിക്കും സിജെപിയെ പിന്തുണയ്ക്കാം. എത്ര പേര് സമരത്തിന് എത്തും എന്ന് പറയാനാകില്ല. ഒരു വ്യക്തിക്ക് എതിരെയല്ല. ഒരു സിസ്റ്റത്തിന് എതിരെയാണ് സമരം': സൗരവ് ദാസ് പറഞ്ഞു.
സിബിഎസ്ഇ വീഴ്ചയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമായിരുന്നെന്നും സൗരവ് പറഞ്ഞു. പരീക്ഷാ വീഴ്ചയില്‍ ആര്‍ക്കാണ് ഉത്തരവാദിത്തം എന്ന് ചോദിച്ച സൗരവ്, ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് പിന്നീടുളള കാര്യമാണെന്നും ഇപ്പോള്‍ സിജെപി യുവജന മുന്നേറ്റമാണെന്നും സൗരവ് ദാസ് വ്യക്തമാക്കി. 'ജനാധിപത്യത്തിന്റെ അര്‍ത്ഥം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് മാത്രമല്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കൊണ്ട് ജോലി ചെയ്യിക്കുക എന്നത് കൂടിയാണ്. സിജെപിയ്ക്ക് ഫണ്ടിങ്ങിന്റെ ആവശ്യമില്ല. വാര്‍ത്താ സമ്മേളനത്തിലെ പോസ്റ്ററിന് തന്നെ 200 രൂപയാണ് ചെലവ്. എന്തിനാണ് ഫണ്ട്? പ്രതിഷേധത്തിന് യുവാക്കള്‍ സ്വന്തം ചെലവില്‍ എത്തും' സൗരവ് ദാസ് പറഞ്ഞു.
Content Highlights: CJP does not need funding, youth will come to the protest at their own expense: CJP spokesperson Saurav Das