സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഈ മാസം ആറ് വരെ അപേക്ഷിക്കാം

ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെയും വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ളപോര്‍ട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെയും വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇന്ന് മുതല്‍ ഈ മാസം ആറ് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.

12-ാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്‌ഇ ഇന്നലെ സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) രീതിയില്‍ പാളിച്ച ഉണ്ടായെന്നായിരുന്നു വിശദീകരണക്കുറിപ്പ്. വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്നും ആരോപണമുണ്ടായി. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു.

Content Highlights: CBSE Portal Technical Glitch Resolved; Services Restored

To advertise here,contact us