പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള കത്തിലെ വ്യാജ ഒപ്പ് ആരോപണം; അഭിഷേക് ബാനര്‍ജിക്ക് സിഐഡി സമന്‍സ്

സംഭവുമായി ബന്ധപ്പെട്ട പല എംഎല്‍എമാരെയും സിഐഡി ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടുണ്ട്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് സംസ്ഥാന സിഐഡി വകുപ്പിന്റെ സമന്‍സ്. ജൂണ്‍1, തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് അറിയിപ്പ്. നിയമസഭയിലെ വ്യാജ ഒപ്പുവിവാദത്തിലാണ് നടപടി. പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നാമനിര്‍ദേശ കത്തിലെ എഴുപതോളം ടിഎംസി എംഎല്‍എമാരുടെ ഒപ്പുകളില്‍ പലതും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ടിഎംസി നേതാവ് സോബന്‍ദേബ് ഛത്തോപാധ്യായെ നാമനിര്‍ദേശം ചെയ്യുന്ന കത്തിലുള്ള എംഎല്‍എമാരുടെ ഒപ്പുകള്‍ പലതും അവരുടെ സമ്മതമില്ലാതെ ഉള്‍പ്പെടുത്തിയെന്നതാണ് വിവാദത്തിന് അടിസ്ഥാനം.

കത്ത് എങ്ങനെയാണ് തയ്യാറാക്കിയത്, അംഗീകാരം ലഭിച്ചത്, സമര്‍പ്പിച്ചത് അടക്കമുള്ള കാര്യങ്ങള്‍ സിഐഡി പരിശോധിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല എംഎല്‍എമാരെയും സിഐഡി ഉദ്യോഗസ്ഥര്‍ കണ്ടിട്ടുണ്ട്. അതേസമയം തൃണമൂല്‍ വക്താവും എംഎല്‍എയുമായ കുനാല്‍ ഘോഷിനും ശനിയാഴ്ച നോട്ടീസ് നല്‍കിയിട്ടുണ്ട്.

വ്യാജ ഒപ്പ് ആരോപത്തിൽ സിഐഡിയുടെ സമൻസ് ലഭിച്ചതിന് പിന്നാലെയാണ് സോണാര്‍പൂരില്‍ വെച്ച് അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ടയേറ് ഉണ്ടായത്. 'കള്ളന്‍, കള്ളന്‍' എന്ന് വിളിച്ചുകൊണ്ടാണ് മുട്ട എറിഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്ജു കര്‍മ്മകറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സന്ദര്‍ശനത്തിനിടെ എംപിക്ക് നേരെ മുട്ടകള്‍ക്ക് പുറമേ കല്ലുകളും എറിഞ്ഞിരുന്നു. ഹെല്‍മെറ്റ് ധരിച്ച് നടന്നു നീങ്ങിയ അഭിഷേകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കി പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ബിജെപിയുടെ സ്പോണ്‍സര്‍ഷിപ്പിലാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ 208സീറ്റുമായി ബിജെപി ചരിത്ര വിജയം നേടി മൂന്നാഴ്ച പിന്നിടുമ്പോഴാണ് പല സംഭവവികാസങ്ങളും ഉണ്ടാകുന്നത്. 2011മുതല്‍ ബംഗാള്‍ ഭരിച്ചിരുന്ന മമത ബാനര്‍ജി നയിക്കുന്ന ടിഎംസി, ഇത്തവണ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു.

Content Highlights: Abhishek Banerjee of the Trinamool Congress has been summoned by the CID over allegations involving fake signatures amid an ongoing internal crisis in the party

To advertise here,contact us