ബൗധ്: ഒഡീഷയിലെ ബൗധ് ജില്ലയില്‍ പക്ഷാഘാതം ബാധിച്ച വൃദ്ധനെ നാല് മണിക്കൂറോളം ചുറ്റിവരിഞ്ഞ് വിഷപ്പാമ്പ്. ഹരഭംഗ ബ്ലോക്കിന് കീഴിലുള്ള അഡെനിഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട കൃഷ്ണ ചന്ദ്ര സാഹുവിന്റെ കയ്യിലാണ് പാമ്പ് ചുറ്റിയത്.
രാത്രി സാഹു ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മുറിയിലെ ഒരു ജനല്‍ തുറന്നിട്ടിരുന്നതിനാല്‍ പാമ്പ് അതുവഴി വീട്ടിലേക്ക് കയറിയാതാകാമെന്നാണ് കരുതുന്നത്. ഉറക്കത്തിനിടയില്‍ എന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി അദ്ദേഹത്തിന് മനസിലായിരുന്നു.
ഭയന്ന അയാള്‍ കിടക്കയില്‍ നിന്നും മാറാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പ് പെട്ടെന്ന് ഒരു കയ്യില്‍ ചുറ്റി. ബാക്കി ഭാഗം കട്ടിലിനടുത്തെ കസേരയിലും ചുറ്റി. ഇതോടെ അദ്ദേഹത്തിന് അനങ്ങാന്‍ കഴിയാതെയായി. ചലനശേഷി വളരെ കുറവായതിനാല്‍, സഹായത്തിനായി കാത്തിരിക്കുക മാത്രമാണ് അയാള്‍ക്ക് ചെയ്യാനായത്.
പുലര്‍ച്ചയോടെ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ വന്ന് നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒടുവില്‍ ജാഗ്രതയോടെ പാമ്പിനെ മാറ്റി ആളെ രക്ഷിക്കുകയായിരുന്നു. മണിക്കൂറുകളോളം വിഷപ്പാമ്പിനൊപ്പം കഴിഞ്ഞിട്ടും അത് സാഹുവിനെ ആക്രമിച്ചില്ല എന്നതാണ് അത്ഭുതം.
Content Highlights: Paralysed Odisha man trapped by venomous snake for 4 hours