'2014 മുതല്‍ ED റെയ്ഡ് ചെയ്ത 121 രാഷ്ട്രീയക്കാരില്‍ 114ഉം പ്രതിപക്ഷ നേതാക്കള്‍; UPA കാലത്ത് ഇത് 54 ശതമാനം'

നേതാക്കള്‍ക്കെതിരായ ഇ ഡി അന്വേഷണത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ദേശായിയുടെ എക്‌സ്‌ പോസ്റ്റ്

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം കേരളത്തില്‍ വ്യാപകമായി നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. യുപിഎ സര്‍ക്കാരിന്റേയും എന്‍ഡിഎ സര്‍ക്കാരിന്റേയും കാലത്ത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ ഡി അന്വേഷണത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ദേശായിയുടെ എക്‌സ്‌പോസ്റ്റ്.

2014 മുതല്‍ ഇ ഡി നടപടി നേരിട്ട 121 പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ 114 പേരും പ്രതിപക്ഷ നേതാക്കളായിരുന്നുവെന്നും ഇത് 95 ശതമാനം വരുമെന്നും സര്‍ദേശായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി 2004 മുതല്‍ 2014 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാക്കള്‍ കക്ഷികളായിട്ടുള്ള ഇ ഡി കേസുകള്‍ 54 ശതമാനം മാത്രമായിരുന്നുവെന്നും ഇ ഡിയുടെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരല്ലേയെന്നും സര്‍ദേശായി വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം അഞ്ച് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി വരികയാണ്. ശ്രദ്ധേയമായ പാറ്റേണ്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ ഡി 'ഹൈപ്പര്‍ ആക്ടീവ്' ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ ഡി റെയ്ഡിനെ അപലപിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിനും രംഗത്തെത്തി. ഇ ഡിയുടെ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര ഏജന്‍സിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്. പിണറായി വിജയനെ ബിജെപി എന്തുക്കൊണ്ട് ഇതുവരെ ലക്ഷ്യം വെച്ചില്ലെന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായെന്നും സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത് വീണ്ടുവിചാരമില്ലാത്ത ആരോപങ്ങള്‍ മാത്രമായിരുന്നെന്നും അദേഹം ചൂണ്ടിക്കാട്ടി.

Content Highlights: ED hyper-active in opposition ruled states against opposition leaders

To advertise here,contact us