ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് കണക്കുസഹിതം മറുപടിയുമായി സ്ഥാപകന്‍ അഭിജീത്ത് ദിപ്കെ രംഗത്ത്. സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് അഭിജീത്തിന്റെ മറുപടി.
സിജെപിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ 94.1 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് ഇതില്‍ വ്യക്തമാണ്.
ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ വ്യൂസും 12 ദശലക്ഷം പുതിയ ഫോളോവേഴ്സും ലഭിച്ചതായി അദ്ദേഹം പങ്കിട്ട ഡാറ്റ കാണിക്കുന്നു. ഇതില്‍ 94.1% പേര് ഇന്ത്യയില്‍ നിന്നും, 1% അമേരിക്കയില്‍ നിന്നും, 0.7% യുകെയില്‍ നിന്നും, 0.6% വീതം കാനഡ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുമാണെന്ന് ഈ ഡാറ്റ വ്യക്തമാക്കുന്നു.
'94% ത്തിലധികം ഫോളോവേഴ്സും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ത്യന്‍ യുവാക്കളെ പാകിസ്താനികളെന്ന് മുദ്രകുത്തുന്നത് എന്തുകൊണ്ടാണ്?', അഭിജീത്ത് ചോദിച്ചു. സിജെപിയുടെയോ മറ്റ് സംഘടനകളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു കിരണ്‍ റിജിജുവിന്റെ പരാമര്‍ശം. പാകിസ്താനില്‍ നിന്ന് സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ തേടുന്നവരോടും 'ജോര്‍ജ്ജ് സോറോസ് ഗാങ്ങിനോടും' സഹതാപം തോന്നുന്നുവെനന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് അഭിജീത്ത് ദിപ്കെ സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവെച്ചത്.
മറ്റൊരു പോസ്റ്റില്‍, 'ഇന്ത്യയില്‍ വളരെ ഊര്‍ജ്ജസ്വലരായ യുവതയുണ്ട്. ഇന്ത്യാ വിരുദ്ധ സംഘത്തില്‍ നിന്ന് അവര്‍ക്കൊരു അംഗീകാരം വേണ്ടതില്ല', എന്നും റിജിജു പറഞ്ഞിരുന്നു.
നേരത്തെ, കേന്ദ്രമന്ത്രി സുകാന്ത മജുംദാറും സിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. കോക്രോച്ച് പാര്‍ട്ടിയുടെ പകുതി അനുയായികളും പാകിസ്താനില്‍ നിന്നുള്ളവരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'സോഷ്യല്‍ മീഡിയയില്‍ 'കാക്ക്രോച്ച് ജനതാ പാര്‍ട്ടി'യുടെ 49 ശതമാനം അനുയായികളും പാകിസ്താനില്‍ നിന്നുള്ളവരാണ് എന്നതാണ് ഏറ്റവും വലിയ കാര്യം, ഒമ്പത് ശതമാനം പേര് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്,'' അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.
സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവയാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.
സിജെപി വൈറലായതിന് പിന്നാലെ എക്സ് അക്കൗണ്ടും വെബ്സൈറ്റും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. 10 ലക്ഷം പേര് അംഗങ്ങളായ cockroachjantaparty.org എന്ന വെബ്സൈറ്റാണ് മരവിപ്പിച്ചത്. തന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി അഭിജീത് ദിപ്കെ അറിയിച്ചിരുന്നു. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള ഡിജിറ്റല്‍ ക്യാംപെയ്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള പെറ്റീഷനില്‍ 6 ലക്ഷം പേരാണ് ഒപ്പിട്ടത്.
Content Highlights: Cockroach party founder Abhijeet Dipke counters Rijiju's ‘followers from Pak’ claim