'സവർക്കർ ബ്രിട്ടീഷ് സർക്കാരിന് അഞ്ച് തവണ മാപ്പെഴുതി നൽകി, പശുവിനെ ദൈവമായി ആരാധിച്ചിട്ടില്ല'- ചെറുമകൻ സത്യകി

സവര്‍ക്കര്‍ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ് സര്‍ക്കാരിന് സമാനമായ രീതിയില്‍ അപേക്ഷകള്‍ അയച്ചിട്ടുണ്ടെന്നും സത്യകി പറഞ്ഞു

മുംബൈ: തീവ്ര ഹിന്ദുത്വവാദിയായ വി ഡി സവര്‍ക്കര്‍ ജയിലില്‍ കഴിയുന്ന കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് അഞ്ചുതവണ മാപ്പപേക്ഷ നല്‍കിയെന്ന് ചെറുമകന്‍ സത്യകി സവര്‍ക്കര്‍ കോടതിയില്‍. പശുവിനെ അദ്ദേഹം ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരമുളള ഒരു മൃഗമായി മാത്രമാണ് കണ്ടതെന്നും സത്യകി പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ ക്രോസ് വിസ്താരത്തിനിടെയാണ് സത്യകി സവര്‍ക്കര്‍ ഇക്കാര്യം പറഞ്ഞത്.

'ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലായിരുന്നപ്പോള്‍ സവര്‍ക്കര്‍ അഞ്ചുതവണ ദയാഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു എന്ന് സത്യമാണ്. സവര്‍ക്കര്‍ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ് സര്‍ക്കാരിന് സമാനമായ രീതിയില്‍ അപേക്ഷകള്‍ അയച്ചിട്ടുണ്ട്. സവര്‍ക്കര്‍ ദ്വിരാഷ്ട്ര ആശയം മുന്നോട്ടുവെച്ചതായി ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. അത് ശരിയല്ല. ദ്വിരാഷ്ട്ര തര്‍ക്കത്തെക്കുറിച്ച് സവര്‍ക്കര്‍ വസ്തുതാപരമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. യഥാര്‍ത്ഥ ആശയം സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ നിര്‍ദേശിച്ചതാണ്. പശുവിനെ ഒരിക്കലും അദ്ദേഹം ദൈവമായി പരാമര്‍ശിച്ചിട്ടില്ല. അത് ഉപയോഗപ്രദമായ ഒരു മൃഗമാണ് എന്നാണ് പറഞ്ഞത്'- സത്യകി സവര്‍ക്കര്‍ പറഞ്ഞു.

രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റിനായി സവര്‍ക്കര്‍ അപേക്ഷിച്ചത് സംബന്ധിച്ചും സത്യകി വിശദീകരണം നല്‍കി. 'രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റിനായി സവര്‍ക്കര്‍ അപ്പീല്‍ നല്‍കിയെന്നത് ശരിയല്ല. സവര്‍ക്കറുടെ യഥാര്‍ത്ഥ പങ്കിനെക്കുറിച്ച് മനസിലാക്കാതെയാണ് ഇത്തരം ആരോപണങ്ങള്‍. അന്നത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതോടെ യുവാക്കള്‍ക്ക് സൈനിക പരിശീലനം, തോക്കുള്‍പ്പെടെ ആയുധ പരിശീലനം, വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നതിലുളള പരിചയം എന്നിവ നല്‍കുകയായിരുന്നു ഉദ്ദേശം. പരിശീലനം ലഭിച്ച ഇന്ത്യന്‍ സൈനികരാണ് സ്വതന്ത്രലബ്ധിക്ക് ശേഷം പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ രാജ്യത്തെ സംരക്ഷിച്ചത്. സവര്‍ക്കറുടെ ദീര്‍ഘദൃഷ്ടിയുടെ ഫലമാണത്' സത്യകി സവര്‍ക്കര്‍ പറഞ്ഞു.

Content Highlights: Savarkar apologized to the British government five times, never worshipped cow - grandson Satyaki

To advertise here,contact us