പുതുച്ചേരി എൻഡിഎ പിടിക്കും, വിജയ്‌യുടെ ടിവികെയും നേട്ടമുണ്ടാക്കും; എക്സിറ്റ് പോൾ ഫലങ്ങൾ

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് 2 മുതല്‍ 4 വരെ സീറ്റ് ലഭിക്കുമെന്നും വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു

ചെന്നൈ: പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രമുഖ എക്‌സിറ്റ് പോള്‍ ഏജന്‍സികളെല്ലാം എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ആകെ മുപ്പത് സീറ്റാണ് പുതുച്ചേരിയിലുളളത്. ഇതില്‍ പതിനാറ് സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍ഡിഎയ്ക്ക് 16 മുതല്‍ 20 വരെ സീറ്റ് ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസും ഡിഎംകെയും ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യത്തിന് 6 മുതല്‍ 8 സീറ്റ് വരെയാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) 2 മുതല്‍ 4 വരെ സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ സഖ്യത്തിന് 16 മുതല്‍ 19 വരെ സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 10 മുതല്‍ 12 വരെ സീറ്റും മറ്റുളളവയ്ക്ക് 1 മുതല്‍ 2 വരെ സീറ്റുമാണ് പ്രവചിക്കുന്നത്. പ്രജാ പോള്‍ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ സഖ്യത്തിന് 19 മുതല്‍ 25 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് സഖ്യത്തിന്‌ 6 മുതല്‍ 10 വരെ സീറ്റും പ്രവചിക്കുന്നു. കാമാക്യ അനലിറ്റിക്‌സിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 17 മുതല്‍ 24 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിന് 4 മുതല്‍ 7 വരെ സീറ്റും ടിവികെയ്ക്ക് 2 മുതല്‍ 4 വരെ സീറ്റും മറ്റുളളവയ്ക്ക് 1 മുതല്‍ 3 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

ഭരണം നിലനിർത്താനുള്ള പോരാട്ടമാണ് പതുച്ചേരിയിൽ ഓൾ ഇന്ത്യ എൻ ആർ കോൺ​ഗ്രസിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം നടത്തുന്നത്. ബിജെപിയും എഐഎഡിഎംകെയും എൽജെകെയുമാണ് ഇവിടെ എൻഡ‍ിഎ സഖ്യത്തിൻ്റെ ഭാ​ഗമായ മറ്റ് കക്ഷികൾ. ഓൾ ഇന്ത്യ എൻ ആർ കോൺ​ഗ്രസ് 16. ബിജെപി 11, രണ്ട് സീറ്റ് വീതം എഐഎഡിഎംകെ, എൽജെകെ എന്നിങ്ങനെയാണ് എൻഡിഎ സഖ്യകക്ഷികൾ മത്സരിക്കുന്നത്. ഇത്തവണ അധികാരം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺ​ഗ്രസ് നേതൃത്വത്തിലുള്ള സെക്യുലർ പ്രോ​ഗ്രസീവ് സഖ്യം മത്സരിക്കുന്നത്. ഏപ്രിൽ 9ന് ഒറ്റഘട്ടമായിട്ടായിരുന്നു പുതുച്ചേരിയിലെ പോളിം​ഗ്. 89.85 ശതമാനമായിരുന്നു പുതുച്ചേരിയിലെ പോളിം​ഗ് ശതമാനം.

Content Highlights: Puducherry will be won by NDA, Vijay's TVK will also make gains; Exit poll results

To advertise here,contact us