റഷ്യ - യുക്രൈൻ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ജോലി അവസരം തേടി റഷ്യയിലേക്ക് പോയ 26പേരുടെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിലാണ് മറുപടി

ന്യൂഡൽഹി: റഷ്യ യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യൻ സേനയുമായി സ്വമേധയാ കരാറിൽ ഏർപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്രം അറിയിച്ചു. ജോലി അവസരം തേടി റഷ്യയിലേക്ക് പോയ 26പേരുടെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിലാണ് മറുപടി. ഏജന്റുമാർ തെറ്റിദ്ധരിപ്പിച്ച നിരവധിപേർ റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടതായും കേന്ദ്രം കോടതിയെ അറിയിച്ചു.

റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി കോടതി പരിഗണിച്ചപ്പോഴാണ് സർക്കാർ ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. റഷ്യൻ സൈന്യത്തിൽ സഹായികളായും മറ്റും ചേർന്ന ശേഷം യുദ്ധമുഖത്തെത്തിയവരാണ് കൊല്ലപ്പെട്ടത്. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചത്. നാല് വർഷം പിന്നിടുമ്പോഴും യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞാഴ്ച ഓർത്തഡോക്‌സ് ഈസ്റ്ററിനോട് അനുബന്ധിച്ച് വെടിനിർത്തൽ കരാർ നിലനിൽക്കേ യുക്രൈനിൽ റഷ്യ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. 700ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 17പേരാണ് കൊല്ലപ്പെട്ടത്. അതേസമയം റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം യുക്രൈനും നടത്തി.

Content Highlights: The central government told the Supreme Court that 10 Indian citizens have died in the ongoing Russia-Ukraine war.

To advertise here,contact us