ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തൊന്പതുകാരന് അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്നു രാഹുല്‍. ഒരുമാസം മുന്‍പ് രാഹുലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ രാഹുല്‍ പലരില്‍ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഡല്‍ഹി കൈലാഷിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ ആരും കടന്നുകയറിയതായി കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാഹുല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കണ്ടത്. തുടര്‍ന്ന് പ്രതിയ്ക്കായി വ്യാപക തിരച്ചില്‍ നടത്തുകയും ദ്വാരകയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. യുവതിയെ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ശേഷം പണം കവര്‍ന്നാണ് പ്രതി കടന്നുകളഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. പ്രതി ഡല്‍ഹിയിലെത്തുന്നതിന്റെ തലേദിവസം സ്വന്തം നാട്ടില്‍വെച്ച് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഡല്‍ഹിയിലേക്ക് കടന്നത്. സുഹൃത്തിന്റെ ഭാര്യയെയാണ് പ്രതി പീഡിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
Content Highlights: 19-year-old arrested in IRS officer's daughter murder case