തമിഴകം നാളെ പോളിങ് ബൂത്തിലേക്ക്; ബംഗാളില്‍ ആദ്യഘട്ടം

തമിഴ്‌നാട്ടിലെ പഴനി, പത്മനാഭപുരം, ഗന്ധര്‍വക്കോട്ടൈ, കീഴ്‌വേലൂര്‍, തിരുവൊട്രിയൂര്‍ എന്നിവിടങ്ങളില്‍ സിപിഐഎം മത്സരിക്കുന്നുണ്ട്

ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാട് വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. 234 നിയമസഭ സീറ്റുകളിലായി ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 152 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വോട്ടു ചെയ്യും. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമായിരുന്നു.

എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ - കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ - ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. 5.67 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്.

കൊട്ടിക്കലാശ ദിവസം മുഖ്യമന്ത്രി സ്റ്റാലിന്‍ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തിയപ്പോള്‍ വിജയ് ചെന്നൈയില്‍ റോഡ് ഷോ നടത്തി. ബംഗാളില്‍ ഏപ്രില്‍ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 1478 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. ഇരുസംസ്ഥാനങ്ങളിലും ശക്തമായ പ്രചാരണ പരിപാടികളാണ് നടന്നത്.

തമിഴ്‌നാട്ടിലെ പഴനി, പത്മനാഭപുരം, ഗന്ധര്‍വക്കോട്ടൈ, കീഴ്‌വേലൂര്‍, തിരുവൊട്രിയൂര്‍ എന്നിവിടങ്ങളില്‍ സിപിഐഎം മത്സരിക്കുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷന്‍ സീഷ്വര്‍ മാനേജ്‌മെന്റ് ആയിരം കോടിയോളമാണ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാളില്‍ നിന്നും പണം, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍, മയക്കുമരുന്ന്, സൗജന്യ സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 472.89കോടി പിടിച്ചെടുത്തപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും 599.24 കോടിയാണ് കണ്ടുകെട്ടിയത്.

Content Highlights: Tamil Nadu is set to go to the polls tomorrow, while West Bengal begins the first phase of voting.

To advertise here,contact us