ന്യൂഡൽഹി: വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുണ്ടായ അപകടത്തെ കുറിച്ച് അറിഞ്ഞതിലുള്ള അതീവദുഃഖം അറിയിക്കുന്നുവെന്ന് എക്സിൽ പ്രധാനമന്ത്രി കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.
വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന് നഷ്ടമായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖ നേതാക്കൾ അനുശോചിച്ചു.
വാൽപ്പാറ അപകടം വേദനാജനകം, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ എന്നാണ് വി ഡി സതീശൻ എഫ് ബിയിൽ കുറിച്ചത്. അപകടം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കാര്യങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോയമ്പത്തൂർ കളക്ടറും എസ്പിയുമായി നിരന്തരം സമ്പർക്കം നടത്തുന്നുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണെന്നുമാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്.
തമിഴ്നാട്ടിൽ നിന്നുള്ള എംപിമാരുമായി സംസാരിച്ച് തുടർനടപടികൾക്കായി വേണ്ട ഇടപെടൽ നടത്തുമെന്ന് അപകടത്തിൽ അനുശോചനം അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സജിതയുടെ മകൻ ഷഹദിന്(11), സ്കൂൾ ഡ്രൈവർ നൗഷാദ്(39), ട്രാവലർ ഡ്രൈവറായ മുഹമ്മദ് ഫാസിത്ത് (21) എന്നിവരാണ് കോയമ്പത്തൂരിൽ ചികിത്സയിലുള്ളത്. 10 വയസുള്ള മസ്നീൻ എന്ന പെൺകുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Narendra Modi expressed deepest condolences to families who lost their loved ones in the Valparai accident