ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ലും ഒന്നിച്ച് കൊണ്ട് വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. എന്തുകൊണ്ടാണ് നിലവിലുള്ള 543സീറ്റുകളില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്കാന് കഴിയാത്തതെന്നും പ്രിയങ്ക ലോക്സഭയില്‍ ചോദിച്ചു. ഇത്തരം നീക്കങ്ങള്‍ പാസായാല്‍ ജനാധിപത്യം അവിടെ അവസാനിക്കും. മാത്രമല്ല ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്, ജുഡീഷ്യറി എന്നീ സ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കും. ഇപ്പോഴത്തെ ഭരണഘടന ഭേദഗതി ബില്ലിലൂടെ ജനാധിപത്യത്തിന് നേരെ തുറന്ന ആക്രമണമാണ് ആരംഭിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഡീലിമിറ്റേഷന്‍ കമ്മിഷന്റെ 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്സഭ സീറ്റുകളുടെ എണ്ണം 850ആയി ഉയര്‍ത്തുന്നതിനെ കുറിച്ചാണ് ബില്‍ സംസാരിക്കുന്നത്. ഇക്കാര്യം കേള്‍ക്കുമ്പോള്‍ ഇതില്‍ പ്രത്യക്ഷത്തില്‍ പ്രശ്നമൊന്നും തോന്നില്ലെങ്കിലും ഇതില്‍ രാഷ്ട്രീയം മണക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷമമായി പരിശോധിക്കുമ്പോള്‍, മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനിലെ മൂന്നും അംഗങ്ങളാണ് സംസ്ഥാനങ്ങളുടെയും അവിടെ നിന്നുള്ള പാര്‍ലമെന്റ് പ്രാതിനിധ്യത്തിന്റെ വിധി നിര്‍ണയിക്കുന്നതെന്ന് കാണാന്‍ കഴിയും. ഈ ഭരണഘടന ഭേദഗതി പാര്‍ലമെന്റ് പാസാക്കിയാല്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തെ തന്നെ അവസാനിപ്പിക്കും.
മുപ്പത് വര്‍ഷം മുമ്പ് തടസപ്പെടുത്തിയ കാര്യമാണ് വനിതാ സംവരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണത്തെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത് നെഹ്റു എന്ന മനുഷ്യനാണ്. ഇവര്‍ ഒഴിവാക്കുന്ന നെഹ്റുവല്ല പക്ഷേ മോത്തിലാല്‍ നെഹ്റുവാണ്. കോണ്‍ഗ്രസിന്റെ കറാച്ചി എഐസിസി സമ്മേളനത്തിലാണ് 19അവകാശങ്ങള്‍ അടങ്ങുന്ന ഒരു പട്ടിക കമ്മിറ്റി പ്രസിഡന്റായിരുന്ന അദ്ദേഹം തയ്യാറാക്കിയത്. പ്രമേയത്തിലൂടെ പാസാക്കിയ ഈ അവകാശങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കും തുല്യമായ അവകാശം നല്‍കുന്നതിന്റെ അടിസ്ഥാനമെന്നും പ്രിയങ്ക വിശദീകരിച്ചു.
പഞ്ചായത്തിലും മുന്‍സിപ്പാലിറ്റികളിലും വനിതാ സംവരണം നടപ്പാക്കിയ ബില്ലുകള്‍ കൊണ്ടുവന്നത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ്. ഈ ബില്‍ ഒടുവില്‍ പാസാക്കിയത് നരസിംഹറാവു ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. യുപിഎ കാലഘട്ടത്തില്‍ രാജ്യസഭയില്‍ ഇത് പാസായെങ്കിലും ലോക്സഭയില്‍ ഒരു സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. 2018ല്‍ വനിതാ സംവരണം നടപ്പിലാക്കാനായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി പറയുന്നത് കേട്ടാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയാണ് വനിതാ സംവരണത്തിനായി കാലങ്ങളായി പ്രയത്നിച്ചതെന്ന് തോന്നുമെന്നും പ്രിയങ്ക പരിഹസിച്ചു. 2023ല്‍ ഈ നിയമം പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ് അതിനെ പിന്തുണച്ചു, ഇപ്പോഴും പിന്തുണയ്ക്കുന്നു. വനിതാ സംവരണത്തെ കോണ്‍ഗ്രസ് ശക്തമായി പിന്തുണയ്ക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇവിടെ സംവാദം വനിതാ സംവരണത്തെ കുറിച്ചല്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് സംവാദത്തിന്റെ ദിശയെതന്നെ മാറ്റികളഞ്ഞുവെന്ന് ബില്ലിലെ മണ്ഡല പുനര്‍നിര്‍ണയ വ്യവസ്ഥയെ ചൂണ്ടിക്കാട്ടി വയനാട് എംപി പറഞ്ഞു.
Content Highlights: Priyanka Gandhi Vadra questioned the Central government over women’s reservation