എച്ച്ആർഡിഎസ് സെക്രട്ടറിക്കെതിരായ പോക്‌സോ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കഴിഞ്ഞ ദിവസം വൈകിട്ടാണ് അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്

ന്യൂഡൽഹി: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്‌സോ പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. അജികൃഷ്ണൻ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെ 2024ൽ അതിക്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്.

കൂടുതൽ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പോക്‌സോ വകുപ്പും ബിഎൻഎസ് 73 എന്നിവ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടാണ് അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പരാതിക്കാരൻ ജോലി സംബന്ധമായ ആവശ്യത്തിന് കൊൽക്കത്തയിൽ പോയപ്പോൾ തന്റെ വീട്ടിൽ വച്ച് മകളെ അജി കൃഷ്ണൻ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴാം തീയതി സ്‌കൂളിൽ വച്ച് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞതെന്നും ശിശു സംരക്ഷണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് പരാതി നൽകിയതെന്നുമാണ് വിവരം.

Content highlights: A POCSO case has been registered against the HRDS founder, with the victim’s confidential statement officially recorded

To advertise here,contact us