അസമില്‍ കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും; ഗൗരവ് ഗൊഗോയ്

'ഇത്തവണ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള സര്‍ക്കാര്‍ രൂപീകരിക്കപ്പെടും.'

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എപിസിസി അദ്ധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ്. ജനങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള സര്‍ക്കാര്‍ രൂപീകരിക്കപ്പെടും. സംസ്ഥാനത്ത് വേണ്ടത്ര തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവജനങ്ങള്‍ അതൃപ്തിയിലായിരുന്നു. തേയില വ്യവസായത്തെയോ പ്രാദേശിക വ്യവസായങ്ങളെയോ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

40 വയസിന് താഴെയുള്ള നിരവധി പേര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. 13 വനിതാ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ചില ആളുകള്‍ പാര്‍ട്ടി വിട്ടതോടെ പുതിയ കോണ്‍ഗ്രസിനെയാണ് ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

എഐയുഡിഎഫിനെ ഒഴിവാക്കി അസം ജാതിയ പരിഷത്ത്, രജിയോര്‍ ദള്‍, സിപിഐ, സിപിഐഎംഎല്‍,എപിഎച്ച്എല്‍സി എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ശക്തമായ മുന്നണിയാണ് പാര്‍ട്ടി രൂപീകരിച്ചത്.എഐയുഡിഎഫുമായി കോണ്‍ഗ്രസിന് ഒരു സഖ്യവുമില്ലെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

Content Highlights: Gaurav Gogoi on Friday said the alliance led by Congress will form the government in assam

To advertise here,contact us