അസം ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു

പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

ദിസ്പൂര്‍: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. 126 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍. രണ്ടരക്കോടിയോളം വോട്ടര്‍മാരാണ് അസമിലുളളത്. അതില്‍ ഒന്നേകാല്‍ കോടി വോട്ടര്‍മാരും സ്ത്രീകളാണ്. 6.42 ലക്ഷം കന്നി വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. ആകെ 722 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. 31,490 പോളിംഗ് സ്‌റ്റേഷനുകളാണ് 35 ജില്ലകളിലായുളളത്.

പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി നയിക്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. തുടര്‍ച്ചയായ മൂന്നാംതവണയും തങ്ങള്‍ അധികാരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതുച്ചേരിയിലെ 9.44 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും. ബിജെപിയുടെ സഹായത്തോടെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന എഎന്‍ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമിയും കോണ്‍ഗ്രസ്- ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

Content Highlights: Assam people head to polling booths today; voting begins

To advertise here,contact us